വാഗ്ദാനം പാലിച്ചില്ല; ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിച്ച് മലപ്പുറം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍

Update: 2022-03-03 12:20 GMT

മലപ്പുറം: ബിജെപിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് മുന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ സാധു റസ്സാഖ്. സെന്‍ട്രല്‍ വഖഫ് കൗണ്‍സിലിന്റെ ഡയറക്ടര്‍ സ്ഥാനമാണ് ബിജെപി വാഗ്ദാനം ചെയ്തത്. ഇതുവരെ അത് പാലിക്കാന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനും കഴിഞ്ഞില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇനി ഓഫര്‍ തന്നാലും തിരസ്‌കരിക്കും. ഒരുവര്‍ഷം മുമ്പ് കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ മലപ്പുറം പരിപാടിയില്‍ സ്റ്റേജില്‍ വച്ച് അധ്യക്ഷന് ഹാരാര്‍പ്പണം നടത്തണമെന്നും അതിനുശേഷം വഖഫ് കൗണ്‍സിലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്നുമാണ് അവര്‍ പറഞ്ഞത്.

ഹാരാര്‍പ്പണം നടത്തിയെങ്കിലും നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഓഫര്‍ പാലിക്കാമെന്ന് അറിയിച്ചെങ്കിലും അതുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപി പല സുന്ദരവാഗ്ദാനങ്ങളും നല്‍കി കേരളത്തില്‍ പല വ്യക്തികളെയും വഞ്ചിക്കുകയാണ്. കേരളത്തില്‍ പല ഇരകളെയും പോലെ ഞാനും ഇരയായി. മലപ്പുറത്ത് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സമയത്താണ് ബിജെപി നേതൃത്വം തന്നെ തേടിവരികയും പാലക്കാട് ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തത്.

ബിജെപി സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍, ബിജെപിയുടെ ബിസിനസ് പ്രമുഖനായ മോഹന്‍ജി എന്നിവരുമായി ചര്‍ച്ച നടന്നു. ഇതില്‍ മധ്യസ്ഥനായത് മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പ്രമുഖനായിരുന്നു. മലപ്പുറത്ത് ബിജെപിക്ക് വേരോട്ടമുണ്ടാക്കണം. ന്യൂനപക്ഷങ്ങളെബിജെപിയിലേക്ക് ആകര്‍ഷിക്കാനാനാണ് ഞങ്ങളാലോചിക്കുന്നത്. ബിജെപി മെംബര്‍ഷിപ്പ് എടുത്തിട്ടില്ലെങ്കിലും ഒരു സഹയാത്രകനായി നിന്നാലും മതിയെന്നുമാണ് അവര്‍ പറഞ്ഞതെന്നും റസ്സാഖ് ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം സമുദായത്തെ ഏത് വിധത്തിലും തകര്‍ക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് അടുത്ത കാലത്തെ പ്രവൃത്തികളില്‍നിന്ന് മനസ്സിലാവുന്നുവെന്ന് കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് അദ്ദേഹം കുറ്റപ്പെടുത്തി.

കെ സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് ഹാരാര്‍പ്പണം നടത്തിയത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. ബിജെപിക്ക് ഈ രാജ്യത്തെ നയിക്കാന്‍ കഴിയുമെന്ന് വിശ്വാസമില്ല. ഇനി അബദ്ധത്തില്‍പ്പെടാതിരിക്കാന്‍ മറ്റുള്ളവരെങ്കിലും സൂക്ഷിക്കുക. ഇവര്‍ക്ക് ന്യൂനപക്ഷ പ്രേമമല്ല, ന്യൂനപക്ഷ വിരോധമാണ് തികച്ചും. നാട്ടുകാര്‍ക്കും കുടുംബത്തിനും തന്റെ പ്രവൃത്തിയില്‍ എന്തെങ്കിലും അലോസരമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇനി ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മില്‍നിന്ന് രാജിവച്ചാണ് സാധു റസ്സാഖ് മുസ്‌ലിം ലീഗില്‍ ചേരുന്നത്. പിന്നീട് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി. പിന്നീട് സിഎംപിയില്‍ ചേര്‍ന്നു. അവിടെനിന്നാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിക്കുന്നത്.

Tags:    

Similar News