മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരം നടത്തുമെന്ന് ഓള്‍ കേരള റിറ്റൈല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തിരുരങ്ങാടി താലൂക്ക് കമ്മിറ്റി അറിയിച്ചു. കിറ്റ് വിതരണത്തിന് കഴിഞ്ഞ പത്തുമാസമായി നല്‍കാനുള്ള കമ്മീഷന്‍ ഉടന്‍ അനുവദിക്കുക, കേരളത്തില്‍ കൊവിഡ് മൂലം മരണപ്പെട്ട 55 ഓളം റേഷന്‍ വ്യാപാരികള്‍ക്ക് സഹായധാനം അനുവദിക്കുക, റേഷന്‍ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സാക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആഗസ്ത് 17ന് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ചിടാതെ റേഷന്‍കടകളില്‍ കറുത്ത ബാഡ്ജ് ധരിച്ചും ഉച്ചയ്ക്ക് താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ പട്ടിണികിടന്നുമാണ് സമരം നടത്തുക.
രണ്ടാം പിണറായി സര്‍ക്കാരിനെ വീണ്ടും ഭരണത്തിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച കിറ്റ് വിതരണത്തിന് തുടക്കത്തില്‍ ഒരുമാസം ഏഴുരൂപ വീതവും അടുത്ത മാസം അത് വെട്ടിക്കുറച്ച് അഞ്ചുരൂപയാക്കുകയും ചെയ്തു. ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെയാണ് ഇത് വ്യാപാരികള്‍ വിതരണം നടത്തിയത്. എന്നാല്‍, ഇതിന്റെ കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. സമരം വിജയിപ്പിക്കാന്‍ ഓള്‍ കേരള റിറ്റൈല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തിരുരങ്ങാടി താലൂക്ക് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് പൂവഞ്ചേരി ബഷീര്‍, താലൂക്ക് ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ കിഴക്കേടത്ത്, ബാവ പടിക്കല്‍, കുഴികാട്ടില്‍ രാജന്‍, വി പി കാദര്‍ഹാജി, പി വി തുളസിദാസ് എന്നിവര്‍ അറിയിച്ചു.