ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: സംഘത്തലവന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
മലപ്പുറം: ധനകാര്യ സ്ഥാപനങ്ങളിലും ന്യൂ ജനറേഷന്‍ ബാങ്കുകളിലും മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം അറസ്റ്റിലായി. സംഘത്തലവന്‍ കൂട്ടിലങ്ങാടി പടിക്കല്‍ വീട്ടില്‍ മുനീര്‍ (42), കൊണ്ടോട്ടി സ്വദേശി യൂസഫ് (42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീം (34) സംഘത്തിന് മുക്കുപണ്ടം നിര്‍മിച്ചുകൊടുക്കുന്ന തൃശൂര്‍ സ്വദേശി മണികണ്ഠന്‍ (54) ഉള്‍പ്പെടെ നാലുപേരെയാണ് മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസ്, എസ്എമാരായ അമീറലി, ഗിരീഷ് എന്നിവരുടെ നേതൃത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം മലപ്പുറം മണപ്പുറം ബാങ്കില്‍ മുക്കുപണ്ടം പണയംവച്ച് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലും മലപ്പുറം സൂര്യാ ഫൈനാന്‍സില്‍ നിന്നും മുക്കുപണ്ടം വച്ച് 6.5 ലക്ഷം രൂപ തട്ടിയ കേസിലുമാണ് അറസ്റ്റ്. സംഘത്തലവന്‍ മുനീറിന് പത്തോളം കേസും മണികണ്ഠന് മുപ്പതോളം കേസും യൂസഫിന് മൂന്നുകേസും നിലവിലുണ്ട്. പണയം വച്ച് കിട്ടിയ പണം വീണ്ടും മുക്കുപണ്ടം നിര്‍മിക്കാന്‍ മണികണ്ഠന് അഡ്വാന്‍സ് നല്‍കിരുന്നു. 50 പവന്‍ നിര്‍മിക്കാന്‍ അഡ്വാന്‍സ് നല്‍കിയ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടെ മൂന്നുലക്ഷം രൂപയോളം അന്വേഷണസംഘം പ്രതികളില്‍ നിന്ന് കണ്ടെത്തി.
മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന മാഫിയകളെ കണ്ടെത്താന്‍ മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസ് ഐപിഎസ് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അമീറലി, ഗിരീഷ്, എഎസ്‌ഐ സിയാദ് കോട്ട, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ആര്‍ ഷഹേഷ്, ഐ കെ ദിനേഷ്, പി സലിം, കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.