സഹകരണബാങ്ക് ക്രമക്കേട് സംബന്ധിച്ച് സഭയിലെ ചോദ്യം പിന്‍വലിച്ച് സിപിഎം എംഎല്‍എ എച്ച് സലാം; രേഖകളില്‍നിന്ന് നീക്കി

സഹകരണ വകുപ്പ് പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ബന്ധവും സംബന്ധിച്ചായിരുന്നു ചോദ്യം.

Update: 2024-01-30 07:19 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച നിയമസഭയിലെ ചോദ്യം പിന്‍വലിച്ച് ഭരണകക്ഷി എംഎല്‍എ. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളും അവയുടെ രാഷ്ട്രീയ ബന്ധവും വ്യക്തമാക്കണമെന്ന ചോദ്യമാണ് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം പിന്‍വലിച്ചത്. പിന്നില്‍ പാര്‍ട്ടി സമ്മര്‍ദ്ദമെന്നാണ് വിവരം. ബാങ്കുകളടക്കം സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേട്, ഭരണസമിതിയും രാഷ്ട്രീയ ബന്ധവും തുടങ്ങിയ സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് എച്ച് സലാം ആവശ്യപ്പെട്ടിരുന്നത്. 10 ദിവസം മുന്‍പ് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ ചോദ്യം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ കൂട്ടത്തില്‍ 793 നമ്പറിട്ട് ഉള്‍പ്പെടുത്തി. ഇതനുസരിച്ച് സഹകരണ വകുപ്പ് വിവരം ക്രോഡീകരിക്കുകയും ചെയ്തു. കരുവന്നൂരും കണ്ടലയും പോലുള്ള വിവാദ സ്ഥാപനങ്ങളുടെ അടക്കം വിശദാംശങ്ങള്‍ പുറത്ത് വന്നാലുള്ള അപകടം തിരിച്ചറിഞ്ഞാണ് പിന്നീടുള്ള നടപടിയെന്നാണ് വിവരം.

  നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ അപേക്ഷയ്ക്കു ശേഷം നിയമസഭാ വെബ്‌സൈറ്റില്‍ നിന്ന് ചോദ്യം പിന്‍വലിച്ചു. അച്ചടിച്ച് പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ നിന്ന് ചോദ്യം വെട്ടിയിട്ടുമുണ്ട്. ക്രമക്കേട് കണ്ടെത്തിയ ഭരണ സമിതികളിലേറെയും യുഡിഎഫ് ഭരണ സമിതികളിലാണെന്ന സഹകരണ വകുപ്പിന്റെ കണക്കിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയ ചോദ്യം ചോദിച്ചതില്‍ പാര്‍ട്ടി നേതൃത്വത്തിനും അതൃപ്തിയുണ്ട്.

Tags:    

Similar News