മദ്‌റസാ വിദ്യാര്‍ഥിയെ ആക്രമിച്ച ആര്‍എസ്എസ്സുകാരന്റെ പരാതിയില്‍ എസ് ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

Update: 2022-04-08 10:23 GMT

പരപ്പനങ്ങാടി: മാസങ്ങള്‍ക്ക് മുമ്പ് മദ്‌റസാ വിദ്യാര്‍ഥിയെ അക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി എസ്ഡിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ചെട്ടിപ്പടിയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ പാണ്ടി യാസര്‍ അറഫാത്തിനെയാണ് വെള്ളിയാഴ്ച പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഉടന്‍ പോലിസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലാണ് മാസങ്ങള്‍ക്ക് മുമ്പ് മദ്‌റസ വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിയെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാമനാഥന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ വിദ്യാര്‍ഥിയും ബന്ധുക്കളും പരാതിപ്പെട്ടെങ്കിലും ഇയാള്‍ക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് പരപ്പനങ്ങാടി പോലിസ് നിസാര വകുപ്പ് ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കിയിരുന്നു. വിദ്യാര്‍ഥിയുടെ കൂടെയുണ്ടായിരുന്ന സഹപാഠിയെ അടക്കം പോലിസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുണ്ടായി. എന്നാല്‍, പിന്നീട് രാമനാഥന്‍ ആക്രമിക്കപ്പെട്ടെന്ന് പറഞ്ഞ് പരപ്പനങ്ങാടി പോലിസില്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകരെയും വിദ്യാര്‍ഥിയുടെ ബന്ധുവിനെയും പ്രതിചേര്‍ത്ത് വധശ്രമത്തിനടക്കം കേസ് കൊടുത്തിരുന്നു. ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട ചെട്ടിപ്പടിയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ പാണ്ടി യാസര്‍ അറഫാത്തിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

യാതൊരു പ്രകോപനവുമില്ലാതെ മദ്‌റസ വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിയെ ആക്രമിച്ച പഴയ കര്‍സേവകനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാമനാഥന് മാനസിക സര്‍ട്ടിഫിക്കറ്റ് നല്‍കിയ പോലിസ്, കള്ളപ്പരാതിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ യാസര്‍ അറഫാത്തിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്ത നടപടി പ്രതിഷേധാര്‍ഹമാണന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മാനസിക രോഗിയാണെന്ന് പോലിസ് പറയുന്നയാളുടെ പരാതി വലിയ വകുപ്പിലെടുത്തത് എന്തര്‍ഥത്തിലാണ്. ഇത് പോലിസിന് ചേര്‍ന്ന പണിയില്ലെന്ന് ഭാരവാഹികളായ സിദ്ദീഖ്, അബ്ദുല്‍ സലാം, വാസു ടി എന്നിവര്‍ പറഞ്ഞു.

Tags:    

Similar News