കൊടിഞ്ഞി ഫൈസല്‍: ബന്ധുക്കള്‍ക്കെതിരേ വധഭീഷണിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം

Update: 2019-04-13 13:46 GMT

പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്‍മാര്‍ക്കെതിരെ വധഭീഷണി നടത്തുന്ന ആര്‍എസ്എസിനെതിരേ കൊടിഞ്ഞിയില്‍ എസ്ഡിപിഐ പ്രതിഷേധറാലി നടത്തി. കഴിഞ്ഞ എട്ടാം തിയ്യതിയാണ് രാത്രി പള്ളിയില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോള്‍ ഫൈസലിന്റെ ഇളയ സഹോദരിയുടെ പുത്രന്‍മാരായ കുട്ടികള്‍ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ആശാരി ബിജുവിന്റെ നേതൃത്വത്തില്‍ വധിക്കുമെന്നു ഭീഷണി മുഴക്കിയത്. ഇതിനെ തുടര്‍ന്ന് തിരൂരങ്ങാടി പോലിസില്‍ പരാതി നല്‍കിയിരുന്നു. നന്നമ്പ്ര പഞ്ചായത്ത് എസ്ഡിപിഐ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധറാലി നടത്തിയത്. ഫൈസലിന്റ കുടുംബം ഒറ്റയ്ക്കല്ലന്നും ഇത്തരം ഭീകരപ്രവര്‍ത്തനം നടത്തുന്ന ആര്‍എസ്എസിനെ തടയാന്‍ എസ്ഡിപിഐക്ക് പരിമിതിയില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ നന്നമ്പ്ര പഞ്ചായത്ത് ഭാരവാഹികളായ സുലൈമാന്‍ കുണ്ടൂര്‍, മൊയ്തീന്‍ കുട്ടി, ഗദ്ദാഫി കൊടിഞ്ഞി, റഫീഖ് തയ്യാല നേതൃത്വം നല്‍കി. അതിനിടെ വധഭീഷണി പരാതിയില്‍ 153എ അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.


Similar News