മലപ്പുറം: ക്ഷേമനിധി ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് പരിഹാരം കാണാതെയും തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ തൊഴിലാളികള്‍ക്ക് നല്‍കാതെയും ക്ഷേമനിധി ബോര്‍ഡുകളെ സര്‍ക്കാര്‍ ചൂഷണ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് എസ് ഡി ടി യു സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു. എസ് ഡി ടിയു മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പണം കോടിക്കണക്കിന് രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ പിടിച്ചു വച്ചിരിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ പോരാട്ടവീഥിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തടഞ്ഞുവച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക, ക്ഷേമനിധി ഓഫീസില്‍ കെട്ടിക്കിടക്കുന്ന അപേക്ഷയില്‍ ഉടന്‍ പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ് ഡി ടി യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. പെരിന്തല്‍മണ്ണ റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പിക്കറ്റിങ് സമരം സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എ എ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഹനീഫ വേങ്ങര, ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹീം തിരൂര്‍, മുജീബ് എടക്കര സംസാരിച്ചു. മുജീബ് കൂട്ടിലങ്ങാടി, ആത്തിഫ് മലപ്പുറം, കുഞ്ഞുമുഹമ്മദ് കോഡൂര്‍, അബ്ദുസ്സലാം ഒതുക്കുങ്ങല്‍ നേതൃത്വം നല്‍കി.