കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റില്‍

Update: 2021-11-18 18:28 GMT

താനൂര്‍: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നിരവധി കേസുകളിലെ പ്രതിയെ താനൂര്‍ പോലിസ് അറസ്റ്റുചെയ്തു. താനൂര്‍ ഉണ്ണിയാല്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ മരക്കാരകത്ത് മജീദിന്റെ മകന്‍ മിര്‍ഷാദിനെയാണ് താനൂര്‍ പോലിസ് പിടികൂടിയത്. 2017 ല്‍ ഉണ്ണിയാലിലുണ്ടായ ലീഗ്- സിപിഎം രാഷ്ട്രീയ സംഘര്‍ഷം ഉള്‍പ്പടെ നിരവധി കേസിലെ പ്രതിയാണിയാള്‍. ഉണ്ണിയാലിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് നേതൃത്വം കൊടുത്തയാളാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു.

രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ മാരകായുധങ്ങളുമായി സിദ്ദീഖ് എന്ന യുവാവിനെ ഓട്ടോയില്‍നിന്ന് പിടിച്ചിറക്കി ഇരുമ്പുവടി കൊണ്ടടിച്ചും വാളുകൊണ്ട് വെട്ടിയും കൊല്ലാന്‍ ശ്രമിച്ച കുറ്റവും ഇയാള്‍ക്കെതിരേയുണ്ട്. ഈ കേസില്‍ കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള മറ്റ് രണ്ട് കൊലപാതകശ്രമക്കേസിലും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

താനൂര്‍ ഡിവൈഎസ്പിയുടെ കീഴിയുള്ള പോലിസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് വ്യാപകമായ അന്വേഷണം നടന്നുവരുന്നുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു.

പ്രതിയെ ഒരുമാസത്തെ നിരീക്ഷണത്തിനൊടുവില്‍ താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, താനൂര്‍ ഡിവൈഎസ്പിയുടെയും പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെയും മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചംഗ സ്‌ക്വാഡിലെ അംഗങ്ങളായ സബറുദ്ദീന്‍, അനീഷ്, ആല്‍ബിന്‍, വിപിന്‍, ജിനീഷ്, അഭിമന്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News