പുത്തനത്താണിയില്‍ ഷിഗല്ല സ്ഥിരീകരിച്ചതായി റിപോര്‍ട്ട് ലഭിച്ചിട്ടില്ല: ഡിഎംഒ
മലപ്പുറം: പുത്തനത്താണിയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച് ലാബ് റിപോര്‍ട്ട് ലഭിച്ചില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. സംശയാസ്പദമാണെന്ന് മാത്രമാണ് ഇപ്പോള്‍ പറയാന്‍ കഴിയൂ. കൂടുതല്‍ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബില്‍ നല്‍കിയിരിക്കുകയാണ്. സാംപിള്‍ നല്‍കിയാല്‍ ഫലം ലഭിക്കാന്‍ മൂന്നുദിവസം വേണ്ടിവരും. പരിശോധന നടത്തുന്നതിലുപരി കുട്ടികളിലെ വയറിളക്ക രോഗങ്ങള്‍ വളരെയധികം ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് മലപ്പുറം ഡിഎംഒ ഡോ. ആര്‍ രേണുക വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രോഗം ആദ്യഘട്ടത്തില്‍തന്നെ തിരിച്ചറിയാനായാല്‍ നല്ല ചികില്‍സ ലഭ്യമാക്കാനാവും. ജില്ലയില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ല.
പലതരം ബാക്ടീരിയ, വൈറസ് എന്നിവ മൂലമാണ് വയറിളക്ക രോഗമുണ്ടാവുന്നത്. ജലജന്യരോഗങ്ങള്‍ തടയല്‍ പ്രധാനമാണ്. അതിനായി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും ചൂടുള്ള ഭക്ഷണം കഴിക്കുന്നത് ശീലമാക്കുകയും ചെയ്യുക. മൂടിവച്ച ആഹാരം മാത്രം കഴിക്കുക. ആഹാരത്തിന് മുമ്പും ശേഖവും ശൗചാലയത്തില്‍ പോയശേഷവും കൈകള്‍ വൃത്തിയായി കഴുകുക. യാത്ര ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ള വെള്ളവും ഐസ്‌ക്രീം പോലുള്ളവയും ഒഴിവാക്കുക. ഇനിയുള്ള സമയം വേനല്‍ക്കാല രോഗങ്ങള്‍ ധാരാളമായി വരാന്‍ സാധ്യതയുണ്ട്.
ശുദ്ധജല ലഭ്യത കുറവായിരിക്കും. അതുകൊണ്ട് ജലജന്യരോഗങ്ങള്‍ തടയാന്‍ ജാഗ്രത പുലര്‍ത്തണം. വയറിളക്കരോഗമുണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും ഉടന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികില്‍സ നല്‍കുകയും ചെയ്യുക. കഴിഞ്ഞ ദിവസമാണ് മലപ്പുറം പുത്തനത്താണിയില്‍ ഏഴുവയസ്സുകാരന്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടി മരിച്ചത് ഷിഗല്ല ബാധിച്ചാണെന്ന സംശയം ഉടലെടുത്ത സാഹചര്യത്തിലാണ് സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചത്.
കുടുംബത്തിലെ ബന്ധുക്കള്‍ കൊടൈക്കനാല്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ പോയിരുന്നു. യാത്ര ചെയ്ത അഞ്ച് പേര്‍ക്കും അസുഖങ്ങളുണ്ടായിരുന്നു. ആ സമയത്താണ് കുട്ടി ഈ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിലെ മറ്റൊരു കുട്ടിക്കും വയറിളക്കരോഗമുണ്ടായി ആശുപത്രിയിലായിരുന്നു. ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. ദ്രുതപ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.