അരീക്കോട് പഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്ന ആവശ്യം ശക്തമാവുന്നു
നിലവില്‍ സംസ്ഥാനത്ത് പിഎച്ച്‌സി ഇല്ലാത്ത ഏക പഞ്ചായത്ത് ആണ് അരീക്കോട് ഗ്രാമപ്പഞ്ചായത്ത്.
അരീക്കോട്: അരീക്കോട് പഞ്ചായത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വേണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നിട്ടും പഞ്ചായത്ത് അവഗണിക്കുന്നത് കടുത്ത വിവേചനമെന്ന് സാമൂഹിക മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍. നിലവില്‍ സംസ്ഥാനത്ത് പിഎച്ച്‌സി ഇല്ലാത്ത ഏക പഞ്ചായത്ത് ആണ് അരീക്കോട് ഗ്രാമപ്പഞ്ചായത്ത്. 18 വാര്‍ഡുകളുള്ള അരീക്കോടില്‍ നിലവിലുണ്ടായിരുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആയിപ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതോടെ അരീക്കോട് പഞ്ചായത്തിന് പിഎച്ച്‌സിയും സിഎച്ച്‌സിയും നഷ്ടപ്പെടുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പിഎച്ച്‌സിക്ക് പരിഗണന നല്‍കുകയും എംഎല്‍എ ഫണ്ടില്‍ നിന്ന് വകയിരുത്താന്‍ തീരുമാനിക്കയും ചെയ്തിരുന്നു. അരീക്കോട് പഞ്ചായത്ത് പിഎച്ച്‌സി വേണമെന്ന ആവശ്യമുന്നയിച്ചാല്‍ എംഎല്‍എ ഫണ്ട് അനുവദിക്കേണ്ടി വരുമെന്നാണ് വിവരം. അരീക്കോട് സിഎച്ച്‌സിയെ താലൂക്കാശുപത്രിയായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ച ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അരീക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വേണ്ടി ഇടപ്പെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് അരീക്കോട്ടുക്കാര്‍
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രമാക്കുന്നതോടെ അലോപ്പതി, (മോഡേണ്‍ മെഡിസിന്‍), ഹോമിയോപതി, ആയുര്‍വേദം, യൂനാനി ഉള്‍പ്പെടെചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും സായാഹ്ന ഒപിയും അത്യാഹിത വിഭാഗ സൗകര്യമൊരുക്കാനും പഞ്ചായത്തിന് കഴിയും. അരീക്കോട് താലൂക്കാശുപത്രിയില്‍ രണ്ട് മണിക്ക് ശേഷം ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ചികില്‍സ തേടാന്‍ കഴിയും
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. ഇതിലേക്കുള്ള താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും പഞ്ചായത്തിന് അധികാരമുണ്ട്.അരിക്കോട് പഞ്ചായത്തിന് കീഴിലുള്ള രോഗികള്‍ക്ക് കൂടുതല്‍ ചികില്‍സാസൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെകഴിയും
താലൂക്കാശുപത്രിയുടെ വികസനം തീരുമാനിക്കപ്പെടുന്നത് ബ്ലോക്ക് സമിതിയുടെ കീഴിലായതിനാല്‍ താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഇതുവരെ തുടര്‍ നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അരിക്കോട് പ്രാഥമികാരോഗ്യകേന്ദ്രം വരുന്നതോടെ താലൂക്കാശുപത്രിയില്‍ രോഗികളുടെ തിരക്ക് ഒഴിവാക്കാനും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് തന്നെ അലോപതി, ഹോമിയോ, ആയുര്‍വേദം, യൂനാനി ചികില്‍സ രോഗികള്‍ക്ക് ലഭ്യമാക്കാനും കഴിയും