35 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

Update: 2021-02-26 04:41 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 35 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. മഹാരാഷ്ട്ര സ്വദേശികളുമായ അബ്ബാസോ ജ്ഞാനദേവ്(47), മണ്ണാര്‍ക്കാട് പെരുമ്പടാരി അമോല്‍(37) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പെരിന്തല്‍മണ്ണ പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്.

പെരിന്തല്‍മണ്ണ ഹൗസിങ് കോളനി റോഡില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സജിന്‍ശശി, ജൂനിയര്‍ എസ്.ഐ. പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്. വോക്‌സ് വാഗണ്‍ കാറിന്റെ രഹസ്യഅറയില്‍ നിന്ന് പണവും രണ്ടു മൊബൈല്‍ ഫോണുകളും സഹിതമാണ് ഇവരെ പിടിച്ചത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കെട്ടുകളാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഗിയര്‍ ലിവറിനോട് ചേര്‍ന്ന് പ്രത്യേകം അറയുണ്ടാക്കി അതിന് പൂട്ടാവുന്ന ചെറിയ വാതിലുമുണ്ടായിരുന്നു. മുകളില്‍ ചവിട്ടിയിട്ട് മറച്ചതിനാല്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധത്തിലായിരുന്നു. കോയമ്പത്തൂരില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണമായിരുന്നുവെന്നാണ് സൂചന. ഇതരസംസ്ഥാന പണമിടപാട് സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നത് പോലീസ് പരിശോധിച്ചുവരികയാണ്.




Similar News