മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗ്ള്‍ പേ വഴി ഹോട്ടല്‍ ഉടമയില്‍നിന്ന് പണം തട്ടി: രണ്ട് പേര്‍ അറസ്റ്റില്‍
അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പില്‍ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണില്‍ മുഹമ്മദ് ഇര്‍ഫാന്‍ (19) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം: സ്വകാര്യ ഹോട്ടല്‍ ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി പണം തട്ടിയ കേസില്‍ രണ്ട് പേരെ പാണ്ടിക്കാട് പോലിസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ തെക്കേ വളപ്പില്‍ മുഹമ്മദ് ശാരിക് (27), വളരാട് സ്വദേശി പീച്ചമണ്ണില്‍ മുഹമ്മദ് ഇര്‍ഫാന്‍ (19) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
പാണ്ടിക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി ഹോട്ടല്‍ ഉടമയായ മുരളീധരന്റെ മൊബൈല്‍ ഫോണ്‍ ഇതേ ഹോട്ടലില്‍ മുന്‍ തൊഴിലാളിയായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ മോഷ്ടിക്കുകയും ഗൂഗ്ള്‍ പേ വഴി കൂട്ടുകാരുടെ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് ശാരിക് ഉള്‍പെടെയുള്ള നാല് പേരുടെ അക്കൗണ്ടുകളിലേക്കാണ് 75,000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.
ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വളരെ വേഗത്തില്‍ പ്രതികളെ പിടികൂടുകയും ചെയ്തു. പെരിന്തല്‍മണ്ണ കോടതിയില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു.