വഖ്ഫ്: സര്‍ക്കാര്‍ സമുദായത്തെയാണ് വിശ്വാസത്തിലെടുക്കേണ്ടത്- മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍
മലപ്പുറം: വഖ്ഫ് വിഷയത്തില്‍ സര്‍ക്കാര്‍ സമുദായത്തെയാണ് വിശ്വാസത്തിലെടുക്കേണ്ടതെന്ന് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍. ഏതാനും തസ്തികകളിലെ നിയമനപ്രശ്‌നമെന്ന നിലയില്‍ വഖ്ഫ് ബോര്‍ഡ് വിഷയത്തെ സര്‍ക്കാര്‍ നിസ്സാരമായി കാണരുത്. യുക്തമായ പരിഹാരം കാണാന്‍ സമുദായത്തിന്റെ മൊത്തം പ്രാതിനിധ്യമില്ലാത്തവരും രാഷ്ട്രീയ താല്‍പര്യങ്ങളോടെ നിലപാട് മാറ്റുന്നവരുമായ സംഘടനകളെയല്ല, സമുദായ താല്‍പര്യത്തിനും വിശ്വാസത്തിനും വിലകല്‍പ്പിക്കുന്ന മുസ്‌ലിം പണ്ഡിതരില്‍നിന്ന് അഭിപ്രായം തേടി സമുദായത്തെയാണ് സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കേണ്ടതെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ നേതൃമീറ്റ് പ്രസ്താവിച്ചു. ലോകമെങ്ങുമുള്ളതാണ് വഖ്ഫ് സ്വത്തുക്കള്‍.
അവ കൈകാര്യം ചെയ്യുന്നതിന് മതപരമായ ക്രമവും പാരമ്പര്യവുമുണ്ട്. അവ സംരക്ഷിക്കാന്‍ ജനാധിപത്യസര്‍ക്കാരിനു ബാധ്യതയുമുണ്ട്. അവ തിരസ്‌കരിക്കപ്പെടുകയോ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടാവരുത്. വഖഫ് ബോര്‍ഡിന്റെ അധികാരം രാഷ്ട്രീയ താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏല്‍പ്പിക്കുന്ന നിലവിലുള്ള രീതി ഇത്തരം അധാര്‍മികതകള്‍ക്കു കാരണമാവുന്നുവോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് പി ഖാലിദ് മൗലവി പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. മരുത അബ്ദുല്‍ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്തു.