പാലക്കാട് വീടിനകത്ത് 85 ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍; ഗൃഹനാഥന്‍ അറസ്റ്റില്‍
പാലക്കാട്: ചിറ്റൂരില്‍ വീടിനകത്ത് സൂക്ഷിച്ച 85 ചാക്ക് നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഗൃഹനാഥന്‍ അറസ്റ്റിലായി. മാഞ്ചിറ സ്വദേശി രാജേന്ദ്രന്റെ വീട്ടില്‍നിന്നുമാണ് രഹസ്യമായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് കണ്ടെടുത്തത്. വര്‍ഷങ്ങളായി രാജേന്ദ്രന് ലഹരി വില്‍പനയുണ്ടായിരുന്നുവെന്നാണ് മൊഴി. വീടിന്റെ പല മുറികളിലായി തുണികള്‍ക്കടിയില്‍ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. ഫോണില്‍ ഇടപാടുറപ്പിക്കുന്ന പതിവുകാര്‍ക്ക് രാജേന്ദ്രന്‍ നേരിട്ട് ലഹരിയെത്തിക്കും.
അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് ബസ്, ചരക്ക് വാഹനങ്ങള്‍ വഴിയാണ് ലഹരി ചിറ്റൂരിലെത്തിക്കുന്നത്. മൊത്തത്തില്‍ സംഭരിച്ച് ചില്ലറ വില്‍പനയായിരുന്നു രീതി. നേരത്തെയും നിരവധി തവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് രാജേന്ദ്രന്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യമായാണ് പിടിയിലാവുന്നത്. 1320 കിലോ ഗ്രാമാണ് പിടികൂടിയ ലഹരിയുടെ യഥാര്‍ഥ അളവ്. വിപണിയില്‍ 30 ലക്ഷം രൂപയിലധികം വിലമതിക്കും. എന്നാല്‍, ഇതിന്റെ നാലിലൊന്ന് തുക നല്‍കിയാണ് പാന്‍മസാല എത്തിച്ചിരുന്നതെന്നാണ് വിവരം. രണ്ട് വര്‍ഷത്തിലധികമായി ഇതേ വീട്ടില്‍ വാടകക്കാരായി താമസിക്കുകയായിരുന്നു രാജേന്ദ്രനും കുടുംബവും. അടുത്തിടെയാണ് വീട് സ്വന്തമാക്കിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടര്‍നടപടികളും.