'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; ജാഗ്രതാസംഗമം 21ന് പട്ടാമ്പിയില്‍
പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ് ഉദ്ഘാടനം ചെയ്യും. കെ കെ മജീദ് ഖാസിമി വിഷയാവതരണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സംഘടനാ നേതൃത്വങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലക്കാട്: 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഗ്രതാസംഗമം ഈമാസം 21ന് വൈകീട്ട് 4.30ന് പട്ടാമ്പിയില്‍ നടക്കും. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി എ റഊഫ് ഉദ്ഘാടനം ചെയ്യും. കെ കെ മജീദ് ഖാസിമി വിഷയാവതരണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സംഘടനാ നേതൃത്വങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം തല്ലിക്കൊലകളുടെ റിപ്പബ്ലിക് എന്ന നികൃഷ്ടവിശേഷണത്തിന് അര്‍ഹത നേടിയിരിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ പ്രകോപിതരായ അക്രമിസംഘം ബീഫ് കഴിച്ചതിന്റെയും കന്നുകാലികളെ കൈവശംവച്ചതിന്റെയും പേരില്‍ നിരപരാധികളെ തല്ലിക്കൊല്ലുന്നത് ആധുനികചരിത്രത്തിലെവിടെയും കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. എന്നാല്‍, 2014ല്‍ രാജ്യത്ത് ബിജെപി അധികാരത്തിലേറിയശേഷം വലുതും ചെറുതുമായ ഏകദേശം 200ലധികം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പകല്‍വെളിച്ചത്തില്‍ നടന്ന ഇത്തരം അക്രമസംഭവങ്ങളില്‍ അമ്പതിലധികം പേരാണ് കൊല്ലപ്പെട്ടത്. ചിലരെ ജീവനോടെ ചുട്ടുകൊന്നു.
1925ല്‍ രൂപീകൃതമായ ആര്‍എസ്എസ്സിന്റെ ലക്ഷ്യം സമൂഹത്തില്‍ ഭീതിപരത്തി ജനങ്ങളെ ഭീരുക്കളും നിഷ്‌ക്രിയരുമാക്കുകയാണ്. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും കാണുന്നതുപോലെ പോലിസിലെ ഒരുവിഭാഗത്തിന്റെ പരോക്ഷപിന്തുണയോടെ അഴിഞ്ഞാടുന്ന മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം അക്രമിസംഘങ്ങളെ തുരത്താന്‍ ഇന്ത്യയിലെ നിശബ്ദഭൂരിപക്ഷം മുന്നോട്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ നാസര്‍, ജില്ലാ സെക്രട്ടറി എസ് അബ്ബാസ്, പട്ടാമ്പി ഡിവിഷന്‍ പ്രസിഡന്റ് എം സൈദലവി, ജില്ലാ കമ്മിറ്റി അംഗം ആരിഫ് മുഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.