'കീഴടങ്ങരുത്; അന്തസ്സോടെ ജീവിക്കുക': ഫ്രറ്റേണിറ്റി ഫോറം ചര്‍ച്ചാ സംഗമം നടത്തി
അനീതികളൊക്കെ തുറന്നുകാണിക്കേണ്ട മാധ്യമങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്
ജുബൈല്‍: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും സംഘപരിവാര ആക്രമണങ്ങള്‍ക്കുമെതിരേ 'കീഴടങ്ങരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈലില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു. ജുബൈല്‍ ഗ്രാന്റ് ഡ്യൂണ്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ഏരിയാ പ്രസിഡന്റ് സലീം മൗലവി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് കീച്ചേരി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കോ-ഓഡിനേറ്റര്‍ അഷ്‌റഫ് മൊറയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷുകാരനു പാദസേവ ചെയ്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് പരിചയമുള്ള സംഘപരിവാരത്തിന്റെ ക്രൂരതകള്‍ക്ക് മുമ്പില്‍ കീഴടങ്ങാതെ അന്തസ്സോടെ ജീവിക്കാന്‍ ഫാഷിസത്തിനെതിരേ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വികസനത്തിന് ഒരു വോട്ട് എന്ന മുദ്രവാക്യമുയര്‍ത്തി 2014ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ 2019ല്‍ അതിതീവ്ര ദേശീയവാദം ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതും വിജയിച്ചതും. തുടര്‍ന്ന് പ്രതിപക്ഷത്തെ ഭയപ്പെടുത്തിയും വശീകരിച്ചും നേതാക്കളെ ജയിലിലടച്ചും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 35ഓളം കരിനിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസ്സാക്കി. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മുഖ്യപങ്ക് വഹിച്ച മുസ്‌ലിംകളെ മാത്രം ഉന്നംവച്ചാണ് മുത്ത്വലാഖ്, എന്‍ഐഎ ഭേദഗതി പോലുള്ള ബില്ലുകള്‍ പാസ്സാക്കിയത്. ഈ അനീതികളൊക്കെ തുറന്നുകാണിക്കേണ്ട മാധ്യമങ്ങളെയെല്ലാം വരുതിയിലാക്കിയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. നാഗ്പൂരിലെ ആസ്ഥാനത്ത് നിന്നു മോഹന്‍ ഭാഗവത് തയ്യാറാക്കുന്ന തീരുമാനങ്ങള്‍ അജിത് ഡോവലിന്റെ ആസൂത്രണത്തില്‍ അമിത്ഷാ നടപ്പാക്കുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുണ്ടായേക്കാവുന്ന എതിര്‍പ്പുകളെ നേരിടാന്‍ പിആര്‍ഒ വര്‍ക്കിനായി ലോകം ചുറ്റുകയാണ് മോദിയെന്നും അഷ്‌റഫ് മൊറയൂര്‍ അഭിപ്രായപ്പെട്ടു. കുഞ്ഞിക്കോയ താനൂര്‍, മജീദ് ചേളാരി, ഫവാസ് മഞ്ചേരി സംസാരിച്ചു.