മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല വനത്തിലും ഉരുള്‍പൊട്ടല്‍. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ചോല ഓടക്കുന്ന് പുഴയില്‍ ചെളിയും കല്ലും നിറഞ്ഞ വെള്ളം കുത്തിയൊഴുകി. കുത്തൊഴുക്കില്‍ ഓടക്കുന്ന് പാലം തകര്‍ന്നു. പാലത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകള്‍ കുത്തൊഴുക്കില്‍പെട്ടു. പൂഞ്ചോല ചീങ്കല്ലേല്‍ ഔസേപ്പിന്റെതുള്‍പ്പെടെ മൂന്ന് ബൈക്കുകളാണ് കുത്തൊഴുക്കില്‍പ്പെട്ടത്. ഓടക്കുന്ന് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളില്‍ വെള്ളം കയറി.
ഓടക്കുന്ന് പുഴയുടെ തീരത്തുള്ള നിരവധി വീടുകളിലും വെള്ളം കയറി. പൂഞ്ചോല ഓടക്കുന്ന് റോഡില്‍ കുത്തൊഴുക്കില്‍ മണ്ണും പാറക്കഷണങ്ങളും വന്ന് അടിഞ്ഞ നിലയിലാണ്. പലയിടത്തും മണ്ണിടിച്ചിലുമുണ്ടായിട്ടുണ്ട്. ഇതിലൂടെയുള്ള ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. ഓടക്കുന്ന് ഗീവര്‍ഗീസിന്റെ കപ്പേളയില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായി. മതിലും ഇന്റര്‍ലോക്കുകളും തകര്‍ന്നു. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
നേരത്തെ ഇരുമ്പകച്ചോലയിലും ഉരുള്‍പൊട്ടലുണ്ടായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം കയറിയിട്ടുണ്ട്. ഇരുമ്പകച്ചോല- പൂഞ്ചോല റോഡില്‍ പലയിടത്തായി മണ്ണിടിഞ്ഞ് ഗതാഗതം ദുഷ്‌കരമാണ്. ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ജലമൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മീ ഉയര്‍ത്തി. നിലവില്‍ ഡാമില്‍ പരമാവധി ജലസംഭരണ ശേഷിയോടടുത്തതിനാല്‍ 20 സെ.മീ ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.