ഒമിക്രോണ്‍ വ്യാപിക്കുന്നു; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി

Update: 2022-01-05 06:41 GMT

പാലക്കാട്: ഒമിക്രോണ്‍ വ്യാപനത്തെത്തുടര്‍ന്നുള്ള ആശങ്ക വര്‍ധിച്ചതോടെ തമിഴ്‌നാട് സര്‍ക്കാര്‍ വാളയാര്‍ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന ശക്തമാക്കി. കേരളത്തില്‍നിന്ന് വരുന്ന സ്വകാര്യവാഹനങ്ങളാണ് പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങള്‍, കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത വാഹനങ്ങള്‍ പരിശോധിക്കുന്നില്ല. യാത്രക്കാരെ ആരെയും മടക്കി അയക്കുന്നില്ല. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നല്‍കി കടത്തിവിടുകയാണ്.

അതിര്‍ത്തി കടക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നല്‍കണമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്. കൊവിഡ് കേസുകള്‍ ഉയരുന്നതോടെ തമിഴ്‌നാട് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.

ഇന്നലെ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്ത 1728 കൊവിഡ് കേസുകളില്‍ 876ഉം ചെന്നൈയില്‍നിന്നാണ്. ചെന്നൈ നഗരത്തില്‍ കൂടുതല്‍ ആശുപത്രി ബെഡ്ഡുകള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്ത അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും ചെന്നൈ നഗരത്തില്‍ മാത്രമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രോഗബാധയുടെ തോത് കൂടിയത് മൂന്നാം തരംഗമാവാമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍ ഇന്നലെ സൂചന നല്‍കിയിരുന്നു.

Tags:    

Similar News