പാലക്കാട് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം;മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
പാലക്കാട്: പാലക്കാട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത് വന്നു. മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.തലയില്‍ നിന്ന് രക്തസ്രാവമുണ്ടായതായും, മര്‍ദ്ദനത്തില്‍ കാലിന് പരുക്കുകള്‍ സംഭവിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
പുതുപള്ളി തെരുവ് സ്വദേശിയായ അനസ് എന്നയാളാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനത്തെ തുടര്‍ന്ന മരണപ്പെട്ടത്.വാഹനപകടത്തില്‍ പരിക്കേറ്റു എന്ന പേരില്‍ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ യുവാവ് മരിച്ചു. ശരീരത്തില്‍ മര്‍ദനത്തിന് സമാനമായ പാടുകള്‍ കണ്ടതോടെ പോലിസ് നടത്തിയ അന്വേഷണത്തിലാണ് അപകട കാരണം വാഹനാപകടമല്ലെന്നും,മര്‍ദ്ദനമാണെന്നും കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് നരികുത്തി സ്വദേശി ഫിറോസിനെ പാലക്കാട് നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.അനസിനെ മര്‍ദ്ദിച്ചതായി കസ്റ്റഡിയിലുള്ള ഫിറോസ് മൊഴി നല്‍കി.
സഹോദരനും,പോലിസ് ഉദ്യോഗസ്ഥനുമായ റഫീക്കിനൊപ്പം എത്തിയ ഫിറോസ് അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടതെന്നും, ബാറ്റു കൊണ്ട് അടിച്ചപ്പോള്‍ അബദ്ധത്തില്‍ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നെന്നും ഫിറോസ് മൊഴി നല്‍കി.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റഫീക്കിനെ കൂടി കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലിസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാലക്കാട് വിക്ടോറിയ കോളേജ് ലേഡീസ് ഹോസ്റ്റലിന് സമീപത്ത് മാനസിക വെല്ലുവിളി നേരിടുന്ന അനസും, സഹോദരങ്ങളായ ഫിറോസും റഫീഖും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നീട് വിക്ടോറിയ കോളജിന് മുന്നിലേക്ക് പോലിസ് ഉദ്യോഗസ്ഥനായ റഫീക്കും ഫിറോസും ബൈക്കിലെത്തുകയും ബൈക്കിന്റെ പിറകിലിരുന്ന ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ രണ്ട് വട്ടം അടിക്കുകയുമായിരുന്നു. രണ്ടാമതെ അടി അനസിന്റെ തലക്കാണ് കൊണ്ടത്. അടി കൊണ്ടയുടന്‍ അനസ് നിലത്ത് വീണു. പരിക്കേറ്റ അനസിനെ റഫീക്കും ഫിറോസും ചേര്‍ന്നാണ് ഓട്ടോറിക്ഷയില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചത്. പക്ഷേ രാത്രിയോടെയാണ് മരണം സംഭവിക്കുകയായിരുന്നു.