പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുക്കം രാഹുല്‍ ജയിച്ച് കയറി
പാലക്കാട്: പാലക്കാട് കോട്ട കാത്ത് രാഹുല്‍. വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുക്കം രാഹുല്‍ ജയിച്ച് കയറി. 18669 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, ഡോ.പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം, ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങള്‍ക്കനുകുലമാക്കാന്‍ ബിജെപി യുടെ നാണം കെട്ട കളി തുടങ്ങിയവയൊക്കെ കൊണ്ട് തന്നെ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു പാലക്കാട്. മുസ് ലിം ഉടമസ്ഥതയിലുള്ള പത്രം ഉപയോഗിച്ച് ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ വോട്ട് പിടിത്തം, യഥാര്‍ത്ഥത്തില്‍ മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി. മുനമ്പം പ്രശ്‌നത്തെ മുന്‍നിര്‍ത്തി വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ച ബിജെപിക്കുമുള്ള ശക്തമായ തിരിച്ചടിയാണ് രാഹുലിന്റെ ജയം. രാഹുല്‍ മാങ്കൂട്ടത്തിലിനെ ബന്ധിപ്പിച്ച് ഏറെ വിവാദമായ 'ട്രോളി വിവാദം' ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ തന്ത്രങ്ങള്‍ക്കിടെയാണ് രാഹുലിന്റെ വിജയം. വിവാദങ്ങൾ കൊണ്ട് ലൈംലൈറ്റിൽ തിളങ്ങി നിൽക്കാൻ ശ്രമിച്ച സരിൻ പുറകിലേക്ക് പോയി.അതായത് ഇത്തവണത്തെ രാഹുലിന്റെ വിജയം മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയമാണ് എന്ന് സാരം. പാലക്കാട് നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാന്‍ സി കൃഷ്ണകുമാറിന് സാധിച്ചില്ല. 2021ല്‍ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു മെട്രോമാന്‍ ഇ ശ്രീധരനെതിരെ ഷാഫി പറമ്പിലിന്റെ വിജയം. വോട്ടെണ്ണലിന്റെ ഒമ്പതാം റൗണ്ടില്‍ പോലും കഴിഞ്ഞ തവണ ഷാഫിക്കെതിരേ 9046 വോട്ടിന്റെ ലീഡുയര്‍ത്തന്‍ ഇ ശ്രീധരന് കഴിഞ്ഞിരുന്നു. പക്ഷെ, നഗരസഭാ പരിധിയില്‍നിന്ന് ഗ്രാമസഭാ പരിധിയിലേക്ക് വോട്ടെണ്ണല്‍ എത്തിയതോടെ ശ്രീധരന്റെ ലീഡ് കുത്തനെ താഴുകയായിരുന്നു. ഒടുവില്‍ 3859 വോട്ടിന്റെ ലീഡില്‍ ഷാഫി വിജയിച്ചുകയറുകയും ചെയ്തു. നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍, കോണ്‍ഗ്രസിലേക്കാണ് വോട്ട് ചോര്‍ന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ വോട്ട് നഗരസഭയില്‍ കൂടി.