പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റില്‍

പരുമല ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടന്നത്.

Update: 2019-05-08 17:41 GMT

തിരുവല്ല: രാത്രികാല പരിശോധനയ്ക്കിടെ പോലിസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ നാല് യുവാക്കൾ അറസ്റ്റിൽ. മാന്നാര്‍ പാവുക്കര സാജന്‍ സദനത്തില്‍ സോജന്‍ സൈമണ്‍ (27), കുരട്ടിശേരി വെളുത്തേടത്തു വീട്ടില്‍ പ്രവീണ്‍ കുമാര്‍ (24), പാവുക്കര പതിനാലു പറയില്‍ വീട്ടില്‍ സാം ക്രിസ്റ്റി (26), പരുമലകടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ കെബിന്‍ കെന്നഡി (25) എന്നിവരെയാണ് പുളിക്കീഴ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവർ നാലുപേരും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു. പരുമല ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടന്നത്. 

സംഭവത്തെകുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: പരുമല ആശുപത്രിക്ക് സമീപം രാത്രി 11ന്  ഹോംഗാര്‍ഡിനൊപ്പം ജീപ്പില്‍ പുളിക്കീഴ് സ്റ്റേഷനിലെ എഎസ്‌ഐ അജയന്‍ ജി വേലായുധന്‍ എത്തി. നാല് യുവാക്കള്‍ കൂടി നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തു. ആശുപത്രിയില്‍ എത്തിയതാണെന്നും ഉടനെ വീട്ടിലേക്ക് മടങ്ങാമെന്നും യുവാക്കൾ പറഞ്ഞു. അരമണിക്കൂറിനു ശേഷം വീണ്ടും പോലിസ് സംഘം എത്തിയപ്പോള്‍ യുവാക്കള്‍ അതേസ്ഥലത്ത് നില്‍ക്കുന്നത് ചോദിക്കുന്നതിനിടെ എഎസ്‌ഐയെ ജീപ്പില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു. ഈ സമയം അതുവഴി ഒരു കാര്‍ വന്നതോടെ അക്രമികള്‍ പുറകോട്ട് മാറിയതോടെ പോലിസ് ഉദ്യോഗസ്ഥര്‍ ഓടി ആശുപത്രിക്കുള്ളില്‍ കയറി. വാഹനം ഓടിച്ച ഹോം ഗാര്‍ഡിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. ആശുപത്രിക്കുള്ളില്‍ പോലിസ് വാഹനം തടഞ്ഞിട്ട അക്രമികൾ ആശുപത്രിക്കുള്ളിലേക്ക് കയറി മര്‍ദ്ദിക്കാന്‍ ശ്രമിച്ചു.

കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ അക്രമികളില്‍ നിന്നും മോചിപ്പിച്ചത്. സോജന്‍ സൈമണ്‍ മാന്നാര്‍  സ്‌റ്റേഷനിലെ മൂന്ന് കേസുകളില്‍ പ്രതിയാണെന്നും പോലിസ് വ്യക്തമാക്കി. 

Tags:    

Similar News