വില്‍പനയ്ക്ക് ഇവിടെ ആപ്പിളുമുണ്ട്; കൃഷിവൈവിധ്യവുമായി പി വി വര്‍ഗീസ്
നട്ടുനനച്ച് വളര്‍ത്തിയതെല്ലാം പ്രളയം കവര്‍ന്നെടുത്തെങ്കിലും കഠിനാധ്വാനത്തിലൂടെയും സര്‍ക്കാരിന്റെ കൈത്താങ്ങോടെയും അതെല്ലാം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം വര്‍ഗീസിന്റെ മുഖത്തുണ്ട്.
പത്തനംതിട്ട: നട്ടുനനച്ച് വളര്‍ത്തിയതെല്ലാം പ്രളയം കവര്‍ന്നെടുത്തെങ്കിലും കഠിനാധ്വാനത്തിലൂടെയും സര്‍ക്കാരിന്റെ കൈത്താങ്ങോടെയും അതെല്ലാം തിരിച്ച് പിടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം വര്‍ഗീസിന്റെ മുഖത്തുണ്ട്. തെക്കേമല സ്വദേശിയായ പാഴൂര്‍ പി വി വര്‍ഗീസ് തന്റെ തോട്ടത്തില്‍ നിന്ന് വിളവെടുത്ത കൂട്ടത്തില്‍ ആപ്പിള്‍ വരെയുണ്ടെന്ന് പറഞ്ഞാല്‍ അല്‍ഭുതപ്പെടേണ്ട. ക്രൈസോഫില്ലം കെയ്‌നിറ്റോ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മില്‍ക്ക് ഫ്രൂട്ട് അഥവാ ജമൈക്കന്‍ സ്റ്റാര്‍ ആപ്പിള്‍ നമുക്ക് സുപരിചിതമായ സപ്പോട്ടയുടെ കുടുംബത്തിലെ അംഗമാണ്.
വെസ്റ്റ് ഇന്‍ഡീസില്‍ ജന്മം കൊണ്ട മില്‍ക്ക് ഫ്രൂട്ട് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലൂടെ കടന്ന്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ഥാനം പിടിച്ച് ലോകത്തെല്ലായിടത്തും കൃഷി ചെയ്തുവരുന്ന ഒരു പഴവര്‍ഗമാണ്. പ്രളയത്തെ അതിജീവിച്ച് വൈവിധ്യം നിറഞ്ഞ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിളയിച്ചെടുക്കുകയും കൃഷിരീതികള്‍ പിന്തുടരുകയും ചെയ്യുന്ന മികച്ച കര്‍ഷകരില്‍ ഒരാളാണ് പി വി വര്‍ഗീസ്. നല്ല മൂപ്പെത്തിയ കായ്കള്‍ മരങ്ങളില്‍ നിന്നും ശ്രദ്ധയോടെ ശേഖരിച്ച് പഴുക്കാന്‍ അനുവദിക്കണം. നന്നായി പഴുത്തു കഴിഞ്ഞാല്‍ ഇവയെ ശീതികരിച്ച് കഴിക്കുന്നത് സ്വാദിഷ്ടമാണ്. വളരെയേറെ പോഷകമൂല്യമുള്ള മില്‍ക്ക് ഫ്രൂട്ട് വിയറ്റ്‌നാമില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
കോട്ടയത്ത് നിന്ന് 18 വര്‍ഷം മുന്‍പ് കൊണ്ടുവന്ന് വര്‍ഗീസ് തന്റെ തോട്ടത്തില്‍ ഇടം നല്‍കിയതാണ് ഈ ഫലവൃക്ഷത്തെ. പ്രളയം വന്ന് കയറിയപ്പോള്‍ ഈ ആപ്പിള്‍ മരവും നശിച്ചുവെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍, കൃത്യമായ വളപ്രയോഗത്തിലൂടെയും മറ്റും ഇതിനെ ജീവസുറ്റതാക്കി മാറ്റി. ഇതുകൂടാതെ, ഓറഞ്ച്, ചാമ്പ, നാരകം, പേര, മിറക്കിള്‍ ഫ്രൂട്ട്, ആത്ത, മുന്തിരി, മാംഗോസ്റ്റിന്‍ തുടങ്ങി പഴങ്ങളുടെ വലിയ ശേഖരവും കപ്പ, വാഴ, തെങ്ങ്, ജാതി തുടങ്ങിയവയും മല്‍സ്യകൃഷിയും വര്‍ഗീസിന്റെ അഞ്ച് ഏക്കര്‍ കൃഷിയിടത്തിലുണ്ട്.