പത്തനംതിട്ടക്കാര്‍ക്ക് ഇനി ഒറ്റ കോളില്‍ വീട്ടില്‍ തന്നെ രോഗനിര്‍ണയം

രസീതു വേണ്ട, ക്യു നില്‍ക്കേണ്ട, നിശ്ചിത ഫീസ് മതി. ജീവിതശൈലി രോഗനിര്‍ണയം ഇനി വീട്ടില്‍ തന്നെ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും കുടുംബശ്രീ സാന്ത്വനം വോളണ്ടിയര്‍മാരിലൂടെ ഇത് യാഥാര്‍ഥ്യമാകുകയാണ്.

Update: 2019-06-17 06:06 GMT

പത്തനംതിട്ട: രസീതു വേണ്ട, ക്യു നില്‍ക്കേണ്ട, നിശ്ചിത ഫീസ് മതി. ജീവിതശൈലി രോഗനിര്‍ണയം ഇനി വീട്ടില്‍ തന്നെ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും കുടുംബശ്രീ സാന്ത്വനം വോളണ്ടിയര്‍മാരിലൂടെ ഇത് യാഥാര്‍ഥ്യമാകുകയാണ്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം വോളണ്ടിയര്‍മാരാണ് ഒരു ഫോണ്‍കോളില്‍ വീട്ടിലെത്തുന്നത്. പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, ബിഎംഎവൈ, ഹീമോഗ്ലോബിന്‍ തുടങ്ങിയ ജീവിതശൈലി രോഗനിര്‍ണയമാണ് ഇവര്‍ വീട്ടിലെത്തി ചെയ്തു നല്‍കുക. പ്രായമായവര്‍ക്കും, രോഗികള്‍ക്കും ഇത് പ്രയോജനപ്രദമാണ്.

വോളണ്ടിയര്‍മാരുടെ കൈയിലുളള ഇലക്ട്രോണിക് മെഷീനുകളില്‍ ഉടനടി റിസള്‍ട്ടും ലഭിക്കും. അമിത ഫീസ് ഈടാക്കുമെന്നുളള പേടി വേണ്ട. ഇവര്‍ക്ക് ഫീസ് നിശ്ചയിട്ടുണ്ട്. പ്രഷര്‍ നോക്കുന്നതിന് 20 രൂപ, ഷുഗറിന് 30 രൂപ, കൊളസ്‌ട്രോള്‍ 80 രൂപ, ബിഎംഎവൈ 20, എച്ച്ബി 50 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

ജില്ലയിലെ 25 പഞ്ചായത്തുകളിലായി 20ഓളം സാന്ത്വനം വോളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഹാപ്പ് എന്ന ഏജന്‍സി വഴിയാണ് ആവശ്യമായ ഉപകരണങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നത്. ഹാപ്പിന്റെ നേതൃത്വത്തില്‍ ഏഴ് ദിവസത്തെ പരിശീലനം നേടിയവരാണ് സാന്ത്വനം വോളണ്ടിയര്‍മാര്‍. നിലവില്‍ 1000ത്തോളം പേര്‍ക്ക് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വിധു അറിയിച്ചു.

Tags:    

Similar News