ജലഅതോറിറ്റിയുടെ അനാസ്ഥ; തകർന്ന റോഡ് യാത്രക്കാർക്ക് ഭീഷണിയാവുന്നു
കോന്നി- കുമ്മണ്ണൂർ റൂട്ടിൽ ആനകുത്തിക്ക് സമീപം മരുതിമൂട്ടിൽപ്പടി ഭാഗത്താണ് റോഡിൽ അപകടക്കെണി രൂപപ്പെട്ടത്. രാത്രികാലങ്ങളിൽ ഇതുവഴി ഇരുചക്രവാഹനത്തിൽ വരുന്നവരുടെ ജീവനാണ് ഏറെ ഭീഷണിയുള്ളത്.
കോന്നി: ജലഅതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് റോഡിന് മധ്യത്തിലായി രൂപപ്പെട്ട കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്നു. കോന്നി- കുമ്മണ്ണൂർ റൂട്ടിൽ ആനകുത്തിക്ക് സമീപം മരുതിമൂട്ടിൽപ്പടി ഭാഗത്താണ് റോഡിൽ അപകടക്കെണി രൂപപ്പെട്ടത്. രാത്രികാലങ്ങളിൽ ഇതുവഴി ഇരുചക്രവാഹനത്തിൽ വരുന്നവരുടെ ജീവനാണ് ഏറെ ഭീഷണിയുള്ളത്. നല്ല രീതിയിൽ യാത്രാ യോഗ്യമായിരുന്ന റോഡാണ് മെഡിക്കൽ കോളജിലേക്ക് വെള്ളമെത്തിക്കാനുള്ള നവീകരണത്തിൻ്റെ ഭാഗമായി വെട്ടിപ്പൊളിച്ചത്. നവീകരണത്തിന് ശേഷം തോന്നിയപടി മണ്ണിട്ട് മൂടിയതിന് പിന്നാലെയാണ് റോഡ് തകർന്നത്. മഴക്കാലം കൂടിയായതോടെ റോഡിൻ്റെ തകർച്ച വേഗത്തിലായി. വലിയ ഗർത്തമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.
അടുത്തിടെയാണ് ഈ റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയത്. റോഡ് മുറിച്ച് പൈപ്പ് ശരിയാക്കിയതിന് ശേഷം റോഡ് പഴയ രൂപത്തിലാക്കണമെന്ന നിബന്ധന പോലും ഇവിടെ ലംഘിക്കുകയാണ്. ജല അതോറിറ്റിയുടെ നടപടിയിൽ എസ്ഡിപിഐ ആനകുത്തി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു. പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകും. തുടർ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും രാത്രി യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നൽകി.