കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു; ഏഴുപേർക്ക് പരിക്ക്
ഇന്നുരാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. മദ്യപിച്ച് ബസ്സിന് മുന്നിൽ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞത്.
പത്തനംതിട്ട: നഗരത്തിന് സമീപം ഓമല്ലൂരിൽ കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്. ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസ്സ് ഓമല്ലൂർ മഞ്ഞനിക്കര പാലത്തിന് സമീപം വച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ഇന്നു രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്.
മദ്യപിച്ച് ബസ്സിന് മുന്നിൽ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് ബസ് പാടത്തേക്ക് മറിഞ്ഞത്. സംഭവസമയം ഡ്രൈവറും കണ്ടക്ടറുമടക്കം 8 പേർ മാത്രമാണ് ബസ്സിൽ ഉണ്ടായിരുന്നത്. 7 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.