വടക്കാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി യുവാക്കള്‍ മരിച്ച അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം
തൃശൂര്‍: വടക്കാഞ്ചേരിയില്‍ തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച അപകടത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയും പോലിസ് അടുത്ത ദിവസം രേഖപ്പെടുത്തും. പാലക്കാട് എസ്പിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവര്‍ മരിച്ചത്. അപകടകരമായ രീതിയില്‍ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞിരുന്നു. റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ്സും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു.
ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെഎസ്ആര്‍ടിസി െ്രെഡവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസ്സിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു. എന്നാല്‍, അപകടത്തിന്റെ വീിഡയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഡ്രൈവര്‍ക്കെതിരേ പോലിസ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തല്ല കേസെടുത്തതെന്നും അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുഴല്‍മന്ദം സിഐയുടെ നേതൃത്വത്തിലുളള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്.
മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിശദമായ മൊഴിയും രേഖപ്പെടുത്തും. സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാരില്‍നിന്നും വിവരശേഖരണം നടത്തും. ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസ്സിടിപ്പിച്ചതെന്നും ബന്ധുക്കളോട് ചില യാത്രക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളില്‍നിന്നുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.
അതേസമയം, അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി വടക്കാഞ്ചേരി ഓപറേറ്റിങ് സെന്ററിലെ ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെ ജാമ്യത്തില്‍ വിട്ടു. നിലവില്‍ ഇയാള്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സര്‍വീസില്‍നിന്ന് നീക്കം ചെയ്യണമെന്നാണ് യുവാക്കളുടെ ബന്ധുക്കളുടെ ആവശ്യം. ഡ്രൈവറെ അന്വേഷണവിധേയമായി കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.