കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
പാലക്കാട്: കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. പീച്ചി സ്വദേശി സി എല്‍ യൗസേപ്പിനെയാണ് കെഎസ്ആര്‍ടിസി പുറത്താക്കിയത്. ഇയാളുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഡ്രൈവറെ ജോലിയില്‍ തുടരാന്‍ അനുവദിച്ചാല്‍ കൂടുതല്‍ മനുഷ്യജീവന്‍ നഷ്ടമാവുമെന്ന് യൗസേപ്പിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. 2022 ഫെബ്രുവരി ഏഴിനാണ് ബൈക്ക് യാത്രകരായ രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മരിച്ചത്.
ബസ്സിന് പോവാന്‍ ഇടതുവശത്ത് സ്ഥലമുണ്ടായിരിക്കെ വലതുവശത്തുകൂടി പോയ ബൈക്കിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആദ്യം മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തത്. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇയാള്‍ മനപ്പൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നടത്തിയ ആഭ്യന്തര അന്വേഷണത്തെതുടര്‍ന്നാണ് നടപടി. യുവാക്കളുമായി തൊട്ടുമുമ്പുണ്ടായ വാക്കുതര്‍ക്കത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ മനപ്പൂര്‍വം അപകടമുണ്ടാക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.