മാമോദിസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ്; ഏഴ് വൈദികര്‍ നിരീക്ഷണത്തില്‍
പത്തനംതിട്ട: പത്തനംതിട്ട പ്രക്കാനത്ത് നടന്ന കുട്ടിയുടെ മാമോദിസ ചടങ്ങില്‍ ഭക്ഷണംവിളമ്പിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഏഴ് വൈദികര്‍ നിരീക്ഷണത്തിലായി. നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം. ഇവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു. പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ചടങ്ങ് നടന്നത്.
കാറ്ററിംഗുകാരെ സദ്യ വിളമ്പാന്‍ സഹായിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ 26 വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലുള്ള ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം ഉള്ളതായി കണ്ടെത്തിയത്. പങ്കെടുത്ത മിക്കവരും അന്നുമുതല്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുളളതായി വിവരമുണ്ട്. പള്ളികളിലെ കുര്‍ബാനകളിലും വൈദീകര്‍ പങ്കെടുത്തു.