ആര്‍എസ്എസ്സിനെ രാജ്യത്തുനിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരും: ഹാഫിസ് അഫ്‌സല്‍ ഖാസിമി
ആര്‍എസ്എസ്സിനെ അനുസരിക്കാനോ കീഴടങ്ങാനോ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കാന്‍ നമ്മള്‍ തയ്യാറാവണം. നമ്മുടെ വീടുകളിലേക്ക് ആരെങ്കിലും പൗരത്വ രേഖകള്‍ ചോദിച്ച് കടന്നുവന്നാല്‍ ഇന്ത്യക്കാരുടെ പൗരുഷം അവര്‍ക്ക് കാണിച്ചുകൊടുക്കണം.
പത്തനംതിട്ട: ഭരണഘടനയെ തകര്‍ക്കുന്ന ആര്‍എസ്എസ്സിനെ രാജ്യത്തുനിന്ന് പുറത്താക്കുംവരെ പോരാട്ടം തുടരുമെന്ന് ഹാഫിസ് അഫ്‌സല്‍ ഖാസിമി. 'പൗരത്വം ഔദാര്യമല്ല, അവകാശമാണ്' എന്ന പ്രമേയത്തില്‍ ഭരണഘടനാ സംരക്ഷണസമിതി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്സിനെ അനുസരിക്കാനോ കീഴടങ്ങാനോ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കാന്‍ നമ്മള്‍ തയ്യാറാവണം. നമ്മുടെ വീടുകളിലേക്ക് ആരെങ്കിലും പൗരത്വ രേഖകള്‍ ചോദിച്ച് കടന്നുവന്നാല്‍ ഇന്ത്യക്കാരുടെ പൗരുഷം അവര്‍ക്ക് കാണിച്ചുകൊടുക്കണം.
വെള്ളക്കാരുടെ മുന്നില്‍ രാജ്യത്തിന്റെ അഭിമാനംവിറ്റ് മാപ്പെഴുതിക്കൊടുത്ത പാരമ്പര്യമുള്ള ആര്‍എസ്എസ്സുകാരനാണ് വെള്ളക്കാരനോട് പോരാടി രക്തസാക്ഷിത്വം വഹിച്ച ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്‍മുറക്കാരോട് പൗരത്വം ചോദിക്കുന്നത്. ആര്‍എസ്എസ്സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുംവരെ മുസ്‌ലിംകളുടെ ദുആയും നോമ്പുകളും പോരാട്ടങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കും. സിഎഎയും എന്‍ആര്‍സിയും പിന്‍വലിച്ചതുകൊണ്ട് രാജ്യത്തെ പ്രശ്‌നങ്ങള്‍ തീരില്ല. സംഘപരിവാര്‍ സിദ്ധാന്തങ്ങളെ വേരൊടെ പിഴുതെറിയുംവരെ ഈ ജനകീയപ്രക്ഷോഭങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉസ്താദ് പി ഇ മുഹമ്മദ് യൂസുഫ് ബാഖവി (പത്തനംതിട്ട കശ്ശാഫുല്‍ ഉലൂം അറബിക് കോളജ്) പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വ.അന്‍സാരി അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവര്‍ത്തകന്‍ കെ കെ ബാബുരാജ് വിഷയാവതരണം നടത്തി. അനീബ് മൗലവി, അസിം സംസാരിച്ചു. പത്തനംതിട്ട കശ്ശാഫുല്‍ ഉലും അറബിക് കോളജ് വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. പ്രതിഷേധസംഗമത്തിന് മുന്നോടിയായി കുമ്പഴയില്‍നിന്ന് പത്തനംതിട്ട നഗരത്തിലേക്ക് നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്ന പന്തംകൊളുത്തി പ്രകടനവും നടന്നു.