വിദേശത്ത് നിന്നെത്തിച്ച യുവാവിന്റെ മൃതദേഹം മാറി; പകരമെത്തിയത് ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹം
മൃതദേഹത്തിനൊപ്പം നല്‍കിയിരുന്ന രേഖകള്‍ ശരിയായിരുന്നെങ്കിലും എംബാം ചെയ്ത പെട്ടിയുടെ നമ്പരും സീലും മാറിയതാണ് മൃതദേഹം മാറിപ്പോയതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 35ാം നമ്പര്‍ പെട്ടിക്ക് പകരം 32ാം നമ്പര്‍ പെട്ടിയാണ് ലഭിച്ചത്. എംബാം ചെയ്തപ്പോള്‍ മാറിപ്പോയതോ, കാര്‍ഗോ സെക്ഷനിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവോ ആണെന്നാണ് സംശയം.
പത്തനംതിട്ട: വിദേശത്ത് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ മാറിപ്പോയി. പത്തനംതിട്ട കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖി (27)ന്റെ മൃതദേഹമാണ് മാറിയത്. പകരം 50 വയസിനടുത്ത് പ്രായമുള്ള ശ്രീലങ്കന്‍ സ്വദേശിനിയുടെ മൃതദേഹമാണ് എത്തിച്ചതെന്ന് കുമ്മണ്ണൂര്‍ മുസ്ലീം ജമാഅത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. മൃതദേഹത്തിനൊപ്പം നല്‍കിയിരുന്ന രേഖകള്‍ ശരിയായിരുന്നെങ്കിലും എംബാം ചെയ്ത പെട്ടിയുടെ നമ്പരും സീലും മാറിയതാണ് മൃതദേഹം മാറിപ്പോയതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 35ാം നമ്പര്‍ പെട്ടിക്ക് പകരം 32ാം നമ്പര്‍ പെട്ടിയാണ് ലഭിച്ചത്. എംബാം ചെയ്തപ്പോള്‍ മാറിപ്പോയതോ, കാര്‍ഗോ സെക്ഷനിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവോ ആണെന്നാണ് സംശയം.
എന്നാല്‍, മൃതദേഹം എംബാം ചെയ്തത് മാറിയിട്ടില്ലെന്നും കാര്‍ഗോ സെക്ഷനിലെ ജീവനക്കാര്‍ പറ്റിയ പിഴവാണെന്നും അബഹയിലെ സുഹൃത്തുക്കള്‍ അറിയിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം സ്വദേശമായ കുമ്മണ്ണൂരില്‍ എത്തിച്ചത്. തുടര്‍ന്ന് കുമ്മണ്ണൂര്‍ മുസ്്‌ലീം പള്ളിയില്‍ സൂക്ഷിച്ചു. ഇന്നു രാവിലെ ഏഴിന് പൊതുദര്‍ശനത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ മൃതദേഹം പെട്ടിയിലാക്കി വിവരം കോന്നി പോലിസില്‍ അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതിന് മൃതദേഹം ഖബറടക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എംബസിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കൂടുതല്‍ നിയമനടപടികള്‍ ആവശ്യമാണെന്ന് പോലിസ് അറിയിച്ചു. ജമാഅത്ത് ഭാരവാഹികളുടേയും ബന്ധുക്കളുടേയും പരാതിയും പോലിസ് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28നാണ് റഫീഖ് അബഹയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ മന്‍ഹലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അബഹ ഓള്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമ നടപടികള്‍ക്കും മരണാനുബന്ധ കര്‍മ്മങ്ങള്‍ക്കും ശേഷം സൗദി എയര്‍ലൈന്‍സില്‍ ഇന്നലെ വൈകീട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഫാത്തിമയാണ് മാതാവ്. ഭാര്യ: സുറുമിമോള്‍. റയ്ഹാന്‍(4)ഏകമകനാണ്. യുവാവിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് പിഴവ് സംഭവിച്ചതില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.