മൃതദേഹങ്ങള്‍ മാറിയത് വിമാനത്താവളത്തില്‍ വച്ച്; കൊളംബോയിലെത്തിയ റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കും
മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തില്‍ നിന്നാണെന്നാണ് വിവരം. ശ്രീലങ്കന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത്. ഒരു മൃതദേഹം ബഹറൈന്‍ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദിഅറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേക്കുമാണ് എത്തിയത്.
പത്തനംതിട്ട: വിദേശത്തുനിന്നും നാട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്ത്. സൗദിഅറേബ്യയില്‍ മരിച്ച കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ റഫീഖി (27)ന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. ശ്രീലങ്കന്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് റഫീക്കിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത്.
ഇരുമൃതദേഹങ്ങളും അബ്ഹയില്‍ നിന്നും ജിദ്ദ വരെ സൗദിഅറേബ്യന്‍ വിമാനത്തിലാണ് എത്തിയത്. ജിദ്ദയില്‍ നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഒരു മൃതദേഹം ബഹറൈന്‍ വഴി കൊളംബൊയിലേക്കും മറ്റേ മൃതദേഹം സൗദിഅറേബ്യന്‍ വിമാനത്തില്‍ കൊച്ചിയിലേക്കുമാണ് എത്തിയത്. കോന്നിയില്‍ എത്തിച്ച മൃതദേഹം സംസ്‌കരിക്കുന്നതിന് പെട്ടി തുറന്നപ്പോഴാണ് റഫീക്കിന്റെ മൃതദേഹത്തിന് പകരം ശ്രീലങ്കന്‍ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നോര്‍ക്ക വകുപ്പ് സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കത്തു നല്‍കുകയും സൗദി എയര്‍ലൈന്‍സ് അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട്.
മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തില്‍ നിന്നാണെന്നാണ് വിവരം. പെട്ടിയിലൊട്ടിച്ച സ്റ്റിക്കറും സീലും മാറിപ്പോവുകയായിരുന്നു. റഫീഖിന്റെ മൃതദേഹം 35ാം നമ്പര്‍ പെട്ടിയിലായിരുന്നു. എന്നാല്‍, 32ാം നമ്പര്‍ പെട്ടിയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിച്ചത്. നിലവില്‍ കൊളംബോയിലുള്ള റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലുള്ള സ്ത്രീയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കൊളംബോയിലേക്കും കൈമാറും.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം റഫീഖിന്റെ സ്വദേശമായ കുമ്മണ്ണൂരില്‍ എത്തിച്ചത്. തുടര്‍ന്ന് കുമ്മണ്ണൂര്‍ മുസ്‌ലീം പള്ളിയില്‍ സൂക്ഷിച്ചു. ഇന്നുരാവിലെ ഏഴിന് പൊതുദര്‍ശനത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളി ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം സ്ത്രീയുടേതാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ മൃതദേഹം തിരികെ പെട്ടിയിലാക്കി വിവരം കോന്നി പോലിസില്‍ അറിയിച്ചു.
പോലിസെത്തി പരിശോധന പൂര്‍ത്തിയാക്കിയശേഷം ആര്‍ഡിഒയ്ക്ക് റിപോര്‍ട്ട് നല്‍കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. എംബസിമായി ബന്ധപ്പെട്ട വിശയമായതിനാല്‍ കൂടുതല്‍ നിയമനടപടികള്‍ ആവശ്യമാണെന്ന് പോലിസ് അറിയിച്ചു. ജമാഅത്ത് ഭാരവാഹികളുടേയും ബന്ധുക്കളുടേയും പരാതിയും പോലിസ് വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് റഫീഖ് അബഹയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചത്. അബഹയിലെ മന്‍ഹലില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
അബഹ ഓള്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമ നടപടികള്‍ക്കും മരണാനുബന്ധ കര്‍മ്മങ്ങള്‍ക്കും ശേഷം സൗദി എയര്‍ലൈന്‍സില്‍ ഇന്നലെ വൈകീട്ടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. ഫാത്തിമയാണ് മാതാവ്. ഭാര്യ: സുറുമിമോള്‍. റയ്ഹാന്‍(4)ഏകമകനാണ്. യുവാവിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നും പിഴവ് സംഭവിച്ചതില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.