കൊവിഡ് ബോധവല്‍ക്കരണം; വ്യാജ വീഡിയോ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

Update: 2021-08-31 09:08 GMT

തിരുവനന്തപുരം: കൊവിഡ് ബോധവല്‍ക്കരണത്തിന് ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന വീഡിയോകളില്‍ മാറ്റം വരുത്തി വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ജില്ലാ ഭരണകൂടത്തിന്റെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ബോധവല്‍ക്കരണ വിഡിയോകള്‍ പ്രത്യേക സാഹചര്യങ്ങളില്‍ സഹായിക്കുന്ന ഒരു ശക്തമായ ഉപകരണമാണ്. അത് ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും കലക്ടര്‍ പറഞ്ഞു.

2020 മെയ് 14ന് ജില്ലാ ഭരണകൂടം ഇറക്കിയ 'മാസ്‌കാണ് വീരന്‍' എന്ന ബോധവത്കരണ വീഡിയോയിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ മറ്റൊരു ആശയരൂപത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതില്‍ രാഷ്ട്രീയ, സാമൂഹിക, മതപരമായ പരാമര്‍ശങ്ങളുണ്ട്. കുറ്റിവാളികളെ കണ്ടെത്തുന്നതിനായി പോലിസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ഭരണകൂടം അത്തരമൊരു വീഡിയോ തയ്യാറാക്കിയിട്ടില്ലെന്നും ഈ വീഡിയോ ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഇത് പ്രചരിപ്പിക്കുന്നവര്‍ക്കും കൈമാറുന്നവര്‍ക്കുമെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്നും കലക്ടര്‍ പറഞ്ഞു.

Tags:    

Similar News