സര്‍ക്കാര്‍ നടപടി ആത്മവിശ്വാസം പകരുന്നതെന്ന് ഡിവൈഎഫ്‌ഐ

Update: 2020-05-04 15:44 GMT

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി പുതുതലമുറയ്ക്കും നാടിനും ആത്മവിശ്വാസം പകരുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. കൊവിഡ് പ്രതിസന്ധിക്കിടയിലും നാടിന്റെ വികസന സാധ്യതകള്‍ തിരയുന്ന കേരള സര്‍ക്കാര്‍ ലോകത്തിനു തന്നെ മാതൃകയാവും എന്ന കാര്യത്തില്‍ സംശയമില്ല. രാജ്യത്തെ വിവിധ കമ്പനികളും സ്ഥാപനങ്ങളും പിരിച്ചുവിടല്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവാസ ലോകത്ത് നിന്നും ഇതേ ഭീഷണി നമ്മള്‍ പ്രതീക്ഷിക്കേണ്ടി വരും. കൊവിഡിന്റെ പ്രത്യാഘാതമായി തൊഴിലും ഭാവിയും എന്താവുമെന്ന് ആശങ്കപ്പെടുന്ന ചെറുപ്പക്കാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന നടപടിയാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

    കൊവിഡ് പ്രതിരോധത്തില്‍ കേരളം സൃഷ്ടിച്ച മാതൃക ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സുസ്ഥിരവും സുരക്ഷിതവുമായ ഒരു നാടായി നമ്മള്‍ ഇന്ന് ലോകത്തിന് മുന്നിലുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി പരമാവധി നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കാനും നിക്ഷേപവും തൊഴിലവസരങ്ങളും സംസ്ഥാനത്ത് വര്‍ധിപ്പിക്കാനും ദീര്‍ഘവീക്ഷണത്തോടെ നീങ്ങിയ പിണറായി സര്‍ക്കാര്‍ വിപ്ലവകരമായ നടപടിയാണ് പ്രഖ്യാപിച്ചത്.

    നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സ്വീകരിച്ചുവരുന്ന നടപടികള്‍ കേരളത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. കൂടുതല്‍ വന്‍കിട കമ്പനികള്‍ സംസ്ഥാനത്ത് ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്. ഐടി മേഖലയ്ക്കും സ്റ്റാര്‍ട്ട് അപ്പ് മേഖലയിലും എല്‍ഡിഎഫ് സര്‍ക്കാറിന്റെ ഇടപെടല്‍ ധാരാളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

    ലോക്ക് ഡൗണിനെ തുടര്‍ന്ന്, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഐടി മേഖലയ്ക്കും നല്‍കിയ ഇളവുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതി അഭ്യസ്തവിദ്യരായ പുതുതലമുറയ്ക്ക് അതിയായ ആഹ്ലാദവും ആത്മവിശ്വാസവും പകരുന്നതാണ്. ലോകം മഹാമാരിയില്‍ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ പുതിയ വികസന സാധ്യതകള്‍ തേടുന്നു. ഇത് ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ കഴിയുന്ന കാര്യമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷും സെക്രട്ടറി എ എ റഹീമും പ്രസ്താവനയില്‍ പറഞ്ഞു.


Tags:    

Similar News