തിരുവനന്തപുരം: പി വി അൻവർ വലത് പക്ഷത്തിന്റെ കൈക്കോടാലിയാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. ഇടതുപക്ഷ- പുരോഗമന രാഷ്ട്രീയം സ്വാർഥ ലാഭങ്ങൾക്കായി തുരങ്കംവയ്ക്കാൻ അനുവദിക്കില്ല. നിലമ്പൂർ എംഎൽഎ പി വി അൻവർ വാർത്താ സമ്മേളനം നടത്തി ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ കാലങ്ങളായുള്ള ജീർണിച്ച ജൽപ്പനങ്ങൾ അപ്പാടെ ശർദ്ദിക്കുന്നതാണ്.
ഇന്ത്യൻ സംഘപരിവാരം തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട നേതാവാണ് കേരളത്തിന്റെ മുഖ്യമന്ത്രി. വർഗീയ രാഷ്ട്രീയത്തെ കണിശതയോടെ ചെറുക്കുന്നതിൽ ഇന്ത്യയ്ക്ക് മാതൃകയായ രാഷ്ട്രീയ അനുഭവവുമാണ് കേരളത്തിന്റേത്.
ഇതിനെയാണ് സംഘപരിവാറായി പൊതുവൽക്കരിക്കാൻ വ്യാഖ്യാനം ചമയ്ക്കുന്നത്. ഇതാരെ സഹായിക്കാനാണെന്ന് ഇടതുപക്ഷ വ്യതാസമില്ലാതെ കേരളത്തിന്റെ മതനിരപേക്ഷ ചേരി ഒന്നടങ്കം തിരിച്ചറിയണം.
പോലിസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരേ എന്ന തോന്നലുണ്ടാക്കി പി വി അൻവർ നടത്തിയ വിമർശനങ്ങളുടെയും ആരോപണങ്ങളുടെയും മുനയൊടിക്കുന്ന നിലപാടാണ് അൻവർ സ്വയം സ്വീകരിച്ചത്. പോലിസ് സേനയുടെ ശുദ്ധീകരണം എന്ന നിലയിലുണ്ടാക്കിയ പുകമറയിൽ ഇടത് മുന്നണിയെ സ്നേഹിക്കുന്ന അനുഭാവികളെ പോലും തെറ്റിദ്ധരിപ്പിച്ച് അതിൻ്റെ മറവിൽ
മര്യാദയുടേയും യാഥാർഥ്യത്തിന്റെയും സകല സീമകളും ലംഘിച്ചു ബഹുമാന്യനായ കേരള മുഖ്യമന്ത്രിക്കെതിരേയും, ഇടത് പക്ഷത്തെ സമുന്നത നേതാക്കൾക്കെതിരേയും അധിക്ഷേപകരമായ പ്രസ്താവനകളാണ് പി വി അൻവർ നടത്തിയത്. തന്റെ സ്വാർഥ താൽപര്യത്തിനായി കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്മറഞ്ഞു പോയ സമുന്നത നേതാക്കളുടെ പേര് പോലും ദുരുപയോഗം ചെയ്യുന്ന ഹീനമായ നിലയിലേക്ക് പി വി അൻവർ താഴ്ന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നു കൊണ്ട് അൻവർ തന്നെ കാലമിത്രയും പറഞ്ഞു കൊണ്ടിരുന്ന നിലപാടുകൾക്ക് നേർ വിപരീതമായാണ് തന്റെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി പി വി അൻവർ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രസ്താവനകളും നീക്കങ്ങളും പ്രതിരോധിക്കാൻ ജനാധിപത്യ മതനിരപേക്ഷവാദികൾ രംഗത്ത് വരണമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു.