വിഴിഞ്ഞത്ത് ഈ ഡിസംബറില്‍ ആദ്യ കപ്പലെത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2022-04-21 19:36 GMT

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വര്‍ഷം ഡിസംബറില്‍ ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വരുന്ന മണ്‍സൂണ്‍ കാലത്ത് കടല്‍ പ്രക്ഷുബ്ധമല്ലാത്ത മുഴുവന്‍ സമയങ്ങളിലും ബ്രേക്ക് വാള്‍ നിര്‍മാണം തുടരും. നിലവില്‍ 18 ബാര്‍ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയ പാതയിലെ ജങ്ഷന്‍ വികസനം ഡെപ്പോസിറ്റ് വര്‍ക്കായി നാഷനല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തു പൂര്‍ത്തിയാക്കും. ഇതിന്റെ ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുകയാണ്.

റെയില്‍വേ ലൈനിന്റെ ഡിപിആറിനും അംഗീകാരമായി. പുതിയ എട്ട് മൈനുകളില്‍ നിന്നു കല്ല് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 26 ഹെക്ടര്‍ ഭൂമിക്ക് പാഡിവെറ്റ്‌ലാന്‍ഡ് ക്ലിയറന്‍സ് ലഭിച്ചു. തുറമുഖത്തിന്റെ അനുബന്ധ വ്യവസായ സംരംഭങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. ശ്രീലങ്കയിലെ പുതിയ സാഹചര്യങ്ങള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ച് തുറമുഖ നിര്‍മാണം ദ്രുതഗതിയിലെത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News