തലസ്ഥാനത്തെ ഭീതിയിലാക്കി വീണ്ടും കൊലപാതകം; പ്രതിക്കായി പോലിസ് അന്വേഷണം വ്യാപിപ്പിച്ചു

അക്രമിസംഘങ്ങളുടെ പകവീട്ടലിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടതാണ് അക്രമികള്‍ക്ക് തണലാവുന്നതെന്ന് തലസ്ഥാനവാസികള്‍ പറയുന്നു.

Update: 2019-03-25 14:12 GMT

തിരുവനന്തപുരം: തലസ്ഥാനത്തെ ഭീതിയിലാക്കി ഇന്നലെ രാത്രി നടന്ന കൊലപാതകത്തില്‍ പ്രതിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബാര്‍ട്ടന്‍ഹില്‍ ഗുണ്ടുകാട് സ്വദേശി പി എസ് അനില്‍ കുമാറാ(40)ണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് അനിലിന് മാരകമായി വെട്ടേറ്റത്. ബാര്‍ട്ടന്‍ഹില്‍- ഗുണ്ടുകാട് റോഡില്‍ ഇന്നലെ രാത്രി 11നായിരുന്നു സംഭവം. ഗുണ്ടാസംഘത്തില്‍പ്പെട്ട ജീവന്‍ എന്നയാളാണ് അനിലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വിശദമാക്കി. ഗുണ്ടാ നേതാവ് ഗുണ്ടുകാട് സാബുവിന്റെ സംഘാംഗമാണ് ജീവന്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ജീവനെന്ന് മ്യൂസിയം പോലിസ് പറഞ്ഞു.

അക്രമിസംഘങ്ങളുടെ പകവീട്ടലിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടതാണ് അക്രമികള്‍ക്ക് തണലാവുന്നതെന്ന് തലസ്ഥാനവാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീവരാഹം ക്ഷേത്രക്കുളത്തിന് സമീപം ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ശ്യാമെന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത് തടയാനെത്തിയപ്പോഴാണ് ശ്യാമിന് കുത്തേറ്റത്. ശ്രീവരാഹം കുളത്തിന് സമീപം അര്‍ജുന്‍, രജിത്ത്, മനോജ് എന്നിവര്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ശ്യാം, ഉണ്ണികണ്ണന്‍, വിമല്‍ എന്നിവര്‍ ചോദ്യം ചെയ്തു.

തര്‍ക്കത്തിനിടെ അര്‍ജുന്‍ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തുകയായിരുന്നു. ശ്യാം സംഭവസ്ഥലത്തുവച്ച് മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേരും ചികില്‍സയിലാണ്. കേസിലെ പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പോലിസ് വിശദമാക്കി. കൊല്ലപ്പെട്ട ശ്യാമും നിരവധി കേസുകളില്‍ പ്രതിയാണ്. ഈ കൊലപാതകത്തിനു രണ്ടുദിവസം മുമ്പാണ് കരമനയില്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ പട്ടാപകല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കരമന ദേശീയപാതക്കു സമീപമുള്ള കുറ്റിക്കാട്ടിലെത്തിച്ച് കൈയിലെ ഞരമ്പ് മുറിച്ചശേഷം ക്രൂരമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. ഈ രണ്ടുകേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

Tags:    

Similar News