വീട്ടിനുള്ളിൽ ചാരായ വാറ്റ്; പൂന്തുറയിൽ ഒരാൾ പിടിയിൽ
വീടിൻ്റെ ടെറസിൽ അതീവ രഹസ്യമായി ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ, വാറ്റാനുപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ചാരായവാറ്റ് നടത്തിയിരുന്നത്.
തിരുവനന്തപുരം: വ്യാജവാറ്റ് ചാരായവും വാറ്റ് നിർമ്മിക്കുന്നതിനുള്ള കോടയും മറ്റു വസ്തുക്കളുമായി ഒരാളെ പൂന്തുറ പോലിസ് പിടികൂടി. മുട്ടത്തറ പുത്തൻ പള്ളി വാർഡിൽ ബദരിയ നഗർ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ സലാം(47) ആണ് പിടിയിലായത്.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അടച്ചതിനാൽ വൻ തുകക്ക് രഹസ്യ വിൽപ്പന നടത്തുന്നതിനായി ചാരായം വാറ്റുന്നതിനിടയിലാണ് ഇയാളെ പോലിസ് പിടികൂടിയത്. വീടിൻ്റെ ടെറസിൽ അതീവ രഹസ്യമായി ഗ്യാസ് സിലിണ്ടർ, പ്രഷർകുക്കർ, വാറ്റാനുപയോഗിക്കുന്ന മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ചാരായവാറ്റ് നടത്തിയിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റ് ചാരായവും 20 ലിറ്റർ കോടയും ഇയാളിൽ നിന്ന് പിടികൂടി. പൂന്തുറ എസ്എച്ച്ഒ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളുടെ വീട്ടിൽ പോലിസ് സംഘം പരിശോധനക്കെത്തിയത്.