'മാതൃസൃഷ്ടി 2019' നാളെ മുതല്‍ തിരുവനന്തപുരത്ത്

ക്രിയേറ്റീവ് മോംസ് ഹബ്, എക്‌സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി, സ്‌നേഹിതാ വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്‍, സ്‌കൂള്‍ ഓഫ് മ്യൂസിക് തുടങ്ങിയ സംഘടനകളാണ് പങ്കെടുക്കുന്നത്.

Update: 2019-05-10 06:33 GMT

തിരുവനന്തപുരം: ഈ മാതൃദിനത്തില്‍ തലസ്ഥാനത്തെ അമ്മമാരെ ഒരു കുടക്കീഴില്‍ അണിനിരത്തണമെന്ന ലക്ഷ്യത്തോടെ തലസ്ഥാനത്തെ വനിതാ സംഘടനകളുടെ ആഭ്യമുഖ്യത്തില്‍ 'മാതൃസൃഷ്ടി 2019' മെയ് 11, 12 തിയ്യതികളില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കും. ഒരു കൂട്ടായ സ്വപ്‌നത്തിന്റെ സുന്ദരമായ ഫലമാണ് സംഗമമെന്ന് മുഖ്യസംഘാടകരായ ക്രീയേറ്റീവ് മോംസ് ഹബ് പറയുന്നു.

കേരളത്തിലെ എല്ലാ അമ്മമാരെയും ഒരിടത്ത് ഒത്തൊരുമിപ്പിച്ച് കൊണ്ടുവന്നു മാതൃത്വം ആഘോഷിക്കുക എന്നതാണ് പരിപരിപാടിയുടെ മുഖ്യലക്ഷ്യം. ക്രിയേറ്റീവ് മോംസ് ഹബ്, എക്‌സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി, സ്‌നേഹിതാ വിമന്‍സ് ഹെല്‍ത്ത് ഫൗണ്ടേഷന്‍, സ്‌കൂള്‍ ഓഫ് മ്യൂസിക് തുടങ്ങിയ സംഘടനകളാണ് പങ്കെടുക്കുന്നത്. പരിപാടിയുടെ ഭാഗമായി നിംസ് ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപുമുണ്ടാവും. എക്‌സിബിഷന്‍ (ആര്‍ട്‌സ്, ക്രാഫ്റ്റ്‌സ്, ഫാഷന്‍, ഡെക്കോര്‍, ഫുഡ്), അമ്മമാര്‍ക്ക് തൊഴിലവസരങ്ങള്‍, ലൈവ് മ്യൂസിക്/ഓപണ്‍ മൈക്ക്, സൗജന്യരോഗ സാധ്യതാ നിര്‍ണയം/ മെഡിക്കല്‍ പരിശോധന തുടങ്ങിയവയാണ് മാതൃസൃഷ്ടി 2019 ന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

അമ്മമാരുടെ സര്‍ഗാത്മക സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും അവസരം ഒരുക്കിക്കൊണ്ട് ക്രിയേറ്റീവ് മോംസ് ഹബ് ആണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. 12ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാവും. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സിനിമാ താരം പ്രിയങ്കാ നായര്‍ പങ്കെടുക്കും. റമദാന്‍ മാസമായതിനാല്‍ വിശ്വാസികളായ സന്ദര്‍ശകര്‍ക്ക് നോമ്പുതുറക്കാനുള്ള പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹിയായ ജി എസ് സ്മിത നായര്‍ അറിയിച്ചു. 

Tags:    

Similar News