അസം പൗരത്വപട്ടിക: പോപുലര്‍ ഫ്രണ്ട് നിയമബോധവല്‍ക്കരണ ശില്‍പശാല സമാപിച്ചു

2019 ആഗസ്ത് 31ന് അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യില്‍നിന്ന് 19.06 ലക്ഷം ആളുകളാണ് പുറത്താക്കപ്പെട്ടത്. എന്‍ആര്‍സി നടപടിക്രമങ്ങള്‍ക്കിടെ ദുര്‍ബലര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ വ്യാപകമായ പോലിസ് അതിക്രമമുണ്ടായി. ഭരണഘടന നല്‍കുന്ന ഉറപ്പുകളും അടിസ്ഥാന അവകാശങ്ങളും അവര്‍ക്ക് നിഷേധിച്ചു.

Update: 2019-10-13 08:54 GMT

ഗുവാഹത്തി: അസം പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിന്ന പ്രചാരണത്തിന്റെ ഭാഗമായി അസമിലെ അഞ്ച് ജില്ലകളില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിവന്ന നിയമബോധവല്‍ക്കരണ ശില്‍പശാല സമാപിച്ചു. എന്‍ആര്‍സിയില്‍നിന്ന് വന്‍തോതില്‍ ആളുകള്‍ പുറത്താവുകയും സംസ്ഥാനത്ത് പോലിസ് പീഡനങ്ങള്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2019 ആഗസ്ത് 31ന് അസമില്‍ പ്രസിദ്ധീകരിച്ച അന്തിമ ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)യില്‍നിന്ന് 19.06 ലക്ഷം ആളുകളാണ് പുറത്താക്കപ്പെട്ടത്. എന്‍ആര്‍സി നടപടിക്രമങ്ങള്‍ക്കിടെ ദുര്‍ബലര്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ വ്യാപകമായ പോലിസ് അതിക്രമമുണ്ടായി. ഭരണഘടന നല്‍കുന്ന ഉറപ്പുകളും അടിസ്ഥാന അവകാശങ്ങളും അവര്‍ക്ക് നിഷേധിച്ചു. എന്‍ആര്‍സി അന്തിമപട്ടിക പ്രസിദ്ധീകരിച്ചിട്ടും ഈ ഉപദ്രവങ്ങള്‍ അവസാനിച്ചിട്ടില്ല.

കഴിഞ്ഞമാസം ഡറാങ് ജില്ലയിലെ ഒരു പോലിസ് ഔട്ട്‌പോസ്റ്റില്‍വച്ച് പോലിസ് മൂന്ന് മുസ്‌ലിം സ്ത്രീകളെ വിവസ്ത്രരാക്കുകയും പോലിസ് മര്‍ദനത്തില്‍ ഗര്‍ഭിണിയായ ഒരു യുവതിയുടെ ഗര്‍ഭം അലസുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള മിക്ക സംഭവങ്ങളിലും ഇരയാവുന്നവരില്‍ അധികമാളുകള്‍ക്കും തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അവബോധമില്ല. ഈ സാഹചര്യത്തില്‍ പോലിസ് അതിക്രമങ്ങള്‍ തടയാന്‍, പ്രത്യേകിച്ച് അസമിലെ ന്യൂനപക്ഷങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ആത്മവിശ്വാസം നല്‍കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് സംസ്ഥാനത്തുടനീളം നിയമബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പോപുലര്‍ ഫ്രണ്ട് തീരുമാനിച്ചത്. ആദ്യഘട്ടമായി, ഒക്ടോബര്‍ 7 മുതല്‍ 11 വരെ കരിംഗഞ്ച്, ഗുവാഹതി, ബര്‍പ്പെട്ട റോഡ്, ഗോല്‍പാറ, കാംരൂപ് എന്നിവിടങ്ങളിലെ നേതാക്കള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും പ്രാരംഭ ശില്‍പശാല സംഘടിപ്പിച്ചു.

പോപുലര്‍ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. എ മുഹമ്മദ് യൂസുഫ്, അസം സംസ്ഥാന വൈസ് പ്രസിഡന്റ് അബുഷാമ, ഗോല്‍പാറ സ്വദേശി അഡ്വ. ജിന്ന അമിര്‍ ഹുസൈന്‍ എന്നിവര്‍ വിവിധ നിയമവിഷയങ്ങളില്‍ ക്ലാസെടുത്തു. ഇന്ത്യന്‍ ഭരണഘടന, മൗലികാവകാശങ്ങള്‍, ഇന്ത്യന്‍ നിയമവ്യവസ്ഥ, നിയമപരിരക്ഷണം, അറസ്റ്റുചെയ്യപ്പെടുന്നവര്‍ക്കുള്ള അവകാശങ്ങള്‍, അറസ്റ്റ് ചെയ്യുന്നുതിനും ചോദ്യംചെയ്യുന്നതിനും പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, പരാതികളും ഹരജികളും എഴുതുക, വിവരാവകാശ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനിയമവും ഭേദഗതികളും, നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ), 1948ലെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനം (യുഡിഎച്ച്ആര്‍), 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമം, മനുഷ്യാവകാശ കമ്മീഷനുകളെയും (എന്‍എച്ച്ആര്‍സി & എസ്എച്ച്ആര്‍സി) ബന്ധപ്പെട്ട വകുപ്പിനെയും എങ്ങനെ സമീപിക്കാം എന്നിവയെക്കുറിച്ച് ശില്‍പശാലയില്‍ ക്ലാസെടുത്തു. സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹഖ്, ജനറല്‍ സെക്രട്ടറി ഹാഫിസ് റഫീഖുല്‍ ഇസ്‌ലാം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അയെനുദ്ദീന്‍, ബാസിര്‍ അഹമ്മദ് എന്നവിര്‍ ശില്‍പശാലയില്‍ സംസാരിച്ചു.

ബംഗാളി ഭാഷയില്‍ എന്‍എച്ച്ആര്‍സി പ്രസിദ്ധീകരിച്ച 'വിവിധ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍' പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിതരണംചെയ്തു. അസമിലെ വിവിധ ഭാഗങ്ങളില്‍നിന്നും ആകെ 425 പ്രാദേശിക, ജില്ലാതല നേതാക്കളും പ്രത്യേക ക്ഷണിതാക്കളും ശില്‍പശാലയില്‍ പങ്കെടുത്തു. എന്‍സിഎച്ച്ആര്‍ഒ അസമീസ് ഭാഷയില്‍ തയ്യാറാക്കിയ 'എന്‍ആര്‍സി അപ്പീനിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍' എന്ന ലഘുലേഖ ശില്‍പശാലയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തു. 

Tags:    

Similar News