15 രേഖകള്‍ സമര്‍പിച്ചിട്ടും പൗരത്വത്തിന് പുറത്ത് : ആശയറ്റ് അസം സ്വദേശിനി
'എന്റെ പക്കലുണ്ടായിരുന്നതെല്ലാം ഞാന്‍ ചെലവഴിച്ചു. എല്ലാരേഖകളും സമര്‍പിച്ചു. ഇനി ഒരു നിയമ പോരാട്ടത്തിനും ശേഷിയില്ല. ഇനി ഒരു പ്രതീക്ഷയുമില്ല. മരണം അടുത്തെത്തിയിരിക്കുന്നു' ജാബിദ പറഞ്ഞു.
ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വം തെളിയിക്കന്‍ പാന്‍ കാര്‍ഡോ, ബാങ്ക് രേഖകളോ, കരമടച്ച രസീതോ മതിയാവില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. ജസ്റ്റിസ് മനോജിത് ബുയന്‍, ജസ്റ്റിസ് പര്‍ഥിവ് ജ്യോതി സെയ്ക എന്നിവരടങ്ങിയ ബഞ്ചാണ് അസം സ്വദേശിയായ ജാബിദ ബീഗത്തിന്റെ ഹര്‍ജി തള്ളികൊണ്ട് ഈ ഉത്തരവിറക്കിയത്.
അസമിലെ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായ ലക്ഷകണക്കിന് ആളുകളുടെ പ്രതിനിധിയാണ് ജാബിദ ബീഗം. 50 വയസ്സായ ജാബിദ അസമിലെ ബാക്‌സ ജില്ലയിലാണ് താമസം. ഗുവഹതിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കേണ്ടവള്‍. ഭര്‍ത്താവ് രജക് അലി അസുഖ ബാധിതനാണ്. മൂന്ന് കുട്ടികളുണ്ടായിരുന്നു. ഒരാള്‍ മരിച്ചു. മറ്റൊരാളെ കാണാതായി. ഇപ്പോള്‍ കൂടെയുള്ളത് അഞ്ചാം ക്ലാസുകാരി അസ്മിന. പൗരത്വ റജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അതില്‍നിന്ന് പുറത്തായ 19 ലക്ഷത്തില്‍ ഒരാളാണ് ജാബിദ. ഇതേ തുടര്‍ന്ന് ഫോറിന്‍ ട്രൈബ്യൂണലിനെ സമീപിച്ചു തന്റെ പൗരത്വം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു. പാന്‍ കാര്‍ഡും ഭൂമിനികുതി അടച്ച രസീതുകളും സമര്‍പ്പിച്ചു. 1971 മുമ്പ് അച്ഛന്‍ വോട്ടറായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ നല്‍കി. സഹോദരന്റെ വോട്ടര്‍പട്ടികയിലുണ്ടെന്ന് സ്ഥാപിച്ചു. എന്നാല്‍ ഫോറിന്‍ ട്രൈബ്യുണല്‍ അംഗീകരിച്ചില്ല. കാരണം സഹോദരനുമായുള്ള ബന്ധം തെളിയിക്കാന്‍ ഒരു പിതാവിന്റെ മക്കളാണ് ഇരുവരുമെന്ന് തെളിയിക്കാന്‍ ജാബിദ ബീഗത്തിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ഫോറിന്‍ ട്രൈബ്യുണലിനെതിരേ ഗുവാഹതി ഹൈക്കോടതിയില്‍ പോയി. ഹാജാരാക്കിയ രേഖകള്‍ പൗരത്വത്തെ തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതിയും പറഞ്ഞു.
ദിവസവും ജോലി ചെയ്തു കിട്ടുന്ന കൂലിയില്‍നിന്നാണ് കോടതി ചെലവിനുള്ള പണം കണ്ടെത്തിയത്. പലപ്പോഴും അഞ്ചാം ക്ലാസുകാരി മകള്‍ക്ക് പട്ടിണി കിടക്കേണ്ടിവന്നു. രോഗിയായ ഭര്‍ത്താവിന് മരുന്നു കിട്ടാതെയായി. എല്ലാറ്റിനും ഉപരിയായിരുന്നു പൗരത്വ രേഖ. അത് കിട്ടില്ലെന്ന് ഇപ്പോള്‍ ഉറപ്പായിരിക്കുന്നു. ജാബിദ പറഞ്ഞു.
'എന്റെ പക്കലുണ്ടായിരുന്നതെല്ലാം ഞാന്‍ ചെലവഴിച്ചു. എല്ലാരേഖകളും സമര്‍പിച്ചു. ഇനി ഒരു നിയമ പോരാട്ടത്തിനും ശേഷിയില്ല. ഇനി ഒരു പ്രതീക്ഷയുമില്ല. മരണം അടുത്തെത്തിയിരിക്കുന്നു' ജാബിദ പറഞ്ഞു.
ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്ക് വേണ്ടി സാക്ഷി പറയാന്‍ പഞ്ചായത്ത് തലവന്‍ ഗോലക് കാലിത ഹാജരായി. ജബിദയുടെ പിതാവ് ജബീദ് അലിയുടെ 1966, 1970, 1971 ലെ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ 15 രേഖകള്‍ സമര്‍പ്പിച്ചിരുന്നു. അവര്‍ ഇന്നാട്ടിലെ പൗരയാണന്നും മൊഴി നല്‍കി. ഇവരുടെ സ്ഥിര താമസത്തിന് തെളിവായി സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് നല്‍കി. എന്നാല്‍, ട്രൈബ്യൂണലിന് അവരുടെ പൗരത്വം ബോധ്യപ്പെടാന്‍ അത് പോരാതെയായി. പഞ്ചായത്ത് തലവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അസമില്‍ പുറത്തിറക്കിയ ദേശീയ പൗരന്മാരുടെ രജിസ്റ്ററില്‍ ഈ കുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പൗരത്വ പട്ടികയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജാബിദയ്ക്കും ഭര്‍ത്താവിനും ഇപ്പോള്‍ വോട്ടവകാശമില്ല.
പൗരത്വം സ്ഥാപിച്ചെടുക്കാനുള്ള നിയമ പോരാട്ടത്തിന് ഇതിനകം തന്നെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ കുറെ വില്‍ക്കേണ്ടിവന്നിട്ടുണ്ട് ജാബിദയ്ക്ക്. നിലവില്‍ ദിവസവും 150 രൂപയ്ക്ക് കൃഷി പണിയെടുത്താണ് ജാബിദ കഴിയുന്നത്.
ദാരിദ്ര്യത്തിനും അവരുടെ പൗരത്വം തെളിയിക്കേണ്ടതിന്റെ ആവശ്യകതയ്ക്കുമിടയില്‍ പീഡിപ്പിക്കപ്പെടുന്ന ജബീദ ബീഗത്തിന്റെ പ്രശ്‌നങ്ങള്‍ അസമിലെ മറ്റു പലരുമായും സാമ്യമുണ്ട്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള എന്‍ആര്‍സിയിലെ അന്തിമ പട്ടികയില്‍ നിന്ന് 19 ലക്ഷത്തോളം പേരാണ് ഒഴിവായത്. നിലവില്‍ അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പിലാക്കിയിരിക്കുന്നത്. ലിസ്റ്റിന് പുറത്താകുന്നവര്‍ക്ക് ഫോറിനേഴ്‌സ് െ്രെടബ്യൂണല്‍, ഹൈക്കോടതി, സുപ്രിംകോടതി എന്നിവയെ സമീപിക്കാമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ വച്ചു. എന്നാല്‍, ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവരും. ഒരു ദിവസത്തെ അന്നത്തിന് പോലും വക കണ്ടെത്താന്‍ കഴിയാത്ത ദരിദ്രരാണ് എന്‍ആര്‍സിയില്‍ പുറത്തായവരില്‍ ഭൂരിഭാഗവും.