പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും ഈ വര്‍ഷം വോട്ട് ചെയ്യാം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതുക്കിയ അസം എന്‍ആര്‍സി പ്രകാരം പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണം 19,06,657 ആണ്.

Update: 2021-01-21 14:23 GMT

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ (അസം എന്‍ആര്‍സി) നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. '2019 ഓഗസ്റ്റ് 29 ലെ ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തില്‍ എന്‍ആര്‍സിയില്‍ ഒരു വ്യക്തിയുടെ പേര് ഉള്‍പ്പെടുത്താത്തത് അയാളെ / അവളെ ഒരു വിദേശിയെന്ന് മുദ്രകുത്തുന്നതിന് തുല്യമല്ലെന്ന് വ്യക്തമാക്കുന്നു,' ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറോറ പറഞ്ഞു. എന്‍ആര്‍സിയില്‍ നിന്ന് പുറത്തുപോയ ആളുകള്‍ക്ക് 'ബന്ധപ്പെട്ട ട്രൈബ്യൂണല്‍ തീരുമാനമെടുക്കുന്നതുവരെ' വോട്ടുചെയ്യാന്‍ അര്‍ഹതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് അറോറ പറഞ്ഞു.

2019 ഓഗസ്റ്റ് 31 ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) ഓഫീസ് പ്രസിദ്ധീകരിച്ച പുതുക്കിയ അസം എന്‍ആര്‍സി പ്രകാരം പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ എണ്ണം 19,06,657 ആണ്.

അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അവലോകന യോഗത്തിനായി എത്തിയതായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്രയും രാജീവ് കുമാറും സംഘത്തിലുണ്ടായിരുന്നു.

ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. അസമിലെ പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

Tags:    

Similar News