അസമിലെ പൗരത്വപട്ടിക പുനപ്പരിശോധിക്കുന്നു; വീണ്ടും കൂടുതല്‍ പേര്‍ പുറത്തായേക്കുമെന്ന് സൂചന
പട്ടിക പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ വിവിധ ജില്ലകളിലുള്ള ഡപ്യൂട്ടി കമ്മിഷ്ണര്‍മാര്‍ക്കും പൗരത്വപട്ടിക തയ്യാറാക്കുന്ന ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും കത്തയച്ചു.
ഗുവാഹത്തി: അസമില്‍ 19 ലക്ഷം പേരെ പൗരത്വത്തില്‍ നിന്ന് പുറത്താക്കിയ പൗരത്വപട്ടിക വീണ്ടും പുനപ്പരിശോധിക്കുന്നു. അയോഗ്യരായ പലരും ലിസ്റ്റില്‍ കയറിക്കൂടിയിട്ടുണ്ടെന്ന് ആരോപിച്ചാണ് പുതിയ നീക്കം.
പട്ടിക പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം എന്‍ആര്‍സി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ വിവിധ ജില്ലകളിലുള്ള ഡപ്യൂട്ടി കമ്മിഷ്ണര്‍മാര്‍ക്കും പൗരത്വപട്ടിക തയ്യാറാക്കുന്ന ജില്ലാ രജിസ്ട്രാര്‍മാര്‍ക്കും കത്തയച്ചു. നിലവിലുള്ള പൗരത്വപട്ടികയില്‍ അയോഗ്യരായവര്‍ കയറിക്കൂടിയിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി 19 ാം തിയ്യതിയാണ് പൗരത്വപട്ടിക തയ്യാറാക്കുന്ന ചുമതലയുള്ള വിവിധ ജില്ലാ ഉദ്യോഗസ്ഥന്മാര്‍ക്ക് സംസ്ഥാന കോര്‍ഡിനേറ്റര്‍ കത്തയച്ചത്.
പൗരത്വം സംശയാസ്പദമായ വോട്ടര്‍മാരും കോടതികളിലും ട്രിബ്യൂണലിലും കേസുകള്‍ തീര്‍പ്പാക്കാത്തവരും അവരുടെ ആശ്രിതരും മക്കളും കുടുംബാഗങ്ങളും അവസാന പൗരത്വപട്ടികയില്‍ കയറിക്കൂടിയിട്ടുണ്ടെന്നും അത് പരിശോധിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. അവരുടെ പേര് വിവരങ്ങള്‍ രജിസ്ട്രാര്‍ ജനറലിനെ അടിയന്തിരമായി അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
പൗരത്വപട്ടികയില്‍ അയോഗ്യരായവര്‍ കയറിക്കൂടിയിട്ടുണ്ടെന്ന് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും (ആസു) അതുപോലുള്ള അസമിലെ വിവിധ സംഘടനകളും ആരോപിച്ചിരുന്നു. പൗരത്വ പട്ടികയില്‍ കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് അത്തരം സംഘടനകളുടെ നിലപാട്. കുടിയേറ്റക്കാരുടെ സാന്നിധ്യം ജനസംഖ്യാവിതരണത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അത് തങ്ങളുടെ ഗോത്രത്തനിമയെ ബാധിക്കുമെന്നുമാണ് അവരുടെ വാദം. എന്നാല്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ആവശ്യത്തിനു പിന്നില്‍ വര്‍ഗീയമായ അജണ്ടകളാണ് ഉള്ളത്.
നിലവില്‍ 19 ലക്ഷം പേരാണ് അസമില്‍ പൗരത്വപട്ടികയില്‍ നിന്ന് പുറത്തുപോയിരിക്കുന്നത്. പുതിയ പരിശോധനയ്ക്ക് തുടക്കം കുറിക്കുന്നതോടെ അതില്‍ കൂടുതല്‍ പേര്‍ പൗരത്വത്തില്‍ നിന്ന് പുറത്തായേക്കും. നേരത്തെ തയ്യാറാക്കിയ പട്ടികയനുസരിച്ച് 40 ലക്ഷം പേരായിരുന്നു പൗരത്വപട്ടികയില്‍ നിന്ന് പുറത്തുപോയത്.
പൗരത്വപട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരിക്കുമെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ കണക്കുകൂട്ടല്‍. എന്നാല്‍ അവസാന പട്ടിക തയ്യാറാക്കിയപ്പോള്‍ പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായി. ഇതേ തുടര്‍ന്ന് മുന്‍ സംസ്ഥാന കോര്‍ഡിനേറ്ററും രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യേഗസ്ഥനുമായിരുന്ന പ്രതീക് ഹജേലയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളായി. അദ്ദേഹത്തെ സുപ്രിം കോടതി നിര്‍ദേശപ്രകാരം രാജസ്ഥാനിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അതിനു ശേഷമാണ് ബിജെപിക്ക് അഭിമതനായ ഹിതേഷ് ദേവ് ശര്‍മയെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹമാണ് ഇപ്പോള്‍ പൗരത്വപ്പട്ടികയില്‍ നിന്ന് കൂടുതല്‍ പേരെ പുറത്താക്കാന്‍ ഒരുങ്ങുന്നത്.