എന്‍ആര്‍സി: അസമില്‍ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലായി 425 തടവുകാരെന്ന് സര്‍ക്കാര്‍
അസം നിയമസഭയില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനു വേണ്ടി ചന്ദ്ര മോഹന്‍ പട്ടോവറി നല്‍കിയ മറുപടിയില്‍, മൊത്തം 1,36,149 പേരെ ഇതുവരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്.
ഗുവാഹത്തി: എന്‍ആര്‍സിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 31 വരെ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലായി 425 തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്ന് അസം ഗതാഗത, വ്യവസായ, വാണിജ്യ മന്ത്രി ചന്ദ്രമോഹന്‍ പട്ടോവറി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം അസമിലെ ആറ് തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ 377 തടവുകാരെ വിട്ടയച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാതലത്തില്‍ തടവുകാരെ അയ്യായിരം രൂപ വീതമുള്ള രണ്ടുപേരുടെ ജാമ്യത്തില്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഏപ്രില്‍ 13 ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനും സാധ്യമല്ലാതെ തടങ്കല്‍ ജീവിതം തുടരുന്നവരാണ് ബാക്കിയുള്ള 425പേര്‍.
അസം നിയമസഭയില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനു വേണ്ടി ചന്ദ്ര മോഹന്‍ പട്ടോവറി നല്‍കിയ മറുപടിയില്‍, മൊത്തം 1,36,149 പേരെ ഇതുവരെ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇതില്‍ 227 പേരെ 2013 മാര്‍ച്ച് 13 നും 2020 ജൂലൈ 31 നും ഇടയില്‍ നാടുകടത്തി. ജൂലൈ 31 വരെ അസമിലെ ആറ് തടങ്കല്‍ കേന്ദ്രങ്ങളിലായി 425 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ഗോല്‍പാറയില്‍ 98 തടവുകാരും കൊക്രാജറില്‍ 47 ഉം സില്‍ചറില്‍ 43 ഉം ദിബ്രുഗ്രമൃവയില്‍ 14 ഉം ജോഹാത്തില്‍ 83 ഉം തേജ്പൂരില്‍ 140 ഉം തടവുകാരാണുള്ളത്.
2020 മാര്‍ച്ച് 6 വരെ 802 പേരെ അസമിലെ ആറ് തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന് ശേഷം അര്‍ഹരായ തടവുകാരെ പരമാവധി വിട്ടയക്കണമെന്ന് ഗുവാഹതി ഹൈക്കോടതി ഏപ്രില്‍ 15 ന് നിര്‍ദേശം നല്‍കിയിരുന്നു. 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍ആര്‍സി) പട്ടിക പ്രകാരം അസമില്‍ 19.06 ലക്ഷം പേരെയാണ് വിദേശികളായി പ്രഖ്യാപിച്ചത്.