പാര്‍ലമെന്റിലെ ഭരണഘടനാ ദിനാചരണ പരിപാടി ബഹിഷ്‌കരിച്ച് 15 പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ഭരണഘടനാ ദിനാചരണം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംവിധാന്‍ സമ്മാന്‍ ദിവസ് ആഘോഷിക്കുന്നതിനായി ലോക്‌സഭ സംഘടിപ്പിച്ച പരിപാടിയില്‍നിന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസ് ഒരുമിച്ച് കൈകോര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിന് പുറമെ സമാജ്‌വാദി പാര്‍ട്ടി (എസ്പി), എഎപി, സിപിഐ, സിപിഎം, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ശിരോമണി അകാലിദള്‍ (എസ്എഡി), ശിവസേന, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), ആര്‍എസ്പി, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് വിട്ടുനിന്നത്.
മോദി സര്‍ക്കാര്‍ ഭരണഘടനയെ തന്നെ ബഹുമാനിക്കാത്തവരാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശൈത്യകാല സമ്മേളത്തില്‍ ഈ 15 പാര്‍ട്ടികളും ഒറ്റക്കെട്ടായി നിന്ന് സര്‍ക്കാരിനെ നേരിടുമെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കി. ദേശീയ താല്‍പര്യമുള്ള, കക്ഷിരാഷ്ട്രീയത്തിനതീതമായ പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന ഈ സംസ്‌കാരം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കൊപ്പം ഇരുന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് എങ്ങനെ ഉറപ്പാക്കാമെന്ന് ചര്‍ച്ച ചെയ്യും. 'ഭരണഘടനാ ദിനം അനുസ്മരിക്കാന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച പരിപാടി നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചതില്‍ ലോക്‌സഭയുടെ പ്രിസൈഡിങ് ഓഫിസര്‍ എന്ന നിലയില്‍ എനിക്ക് വളരെ വേദനയുണ്ട്.
പരിപാടി ബഹിഷ്‌കരിക്കുന്ന പാര്‍ട്ടികള്‍ അവരുടെ തീരുമാനം പോലും തന്നെ അറിയിക്കാത്തത് വിചിത്രമായി തോന്നി. അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ അത് എന്നോട് ചര്‍ച്ച ചെയ്യണമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ ശ്രമിക്കുമായിരുന്നു, അതിലൂടെ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനാവും. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഭ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍നിന്നുള്ള ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും വേദിയില്‍ ഇരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഇക്കാര്യം ഇരുനേതാക്കളെയും അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ഇന്ത്യക്കാരനെയും രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഭഗവത് ഗീതയുടെ ആധുനിക പതിപ്പ് പോലെയാണ് ഭരണഘടനയെന്ന് ചടങ്ങില്‍ സംസാരിക്കവെ ബിര്‍ള പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന ഗീതയുടെ ആധുനിക പതിപ്പ് പോലെയാണ്, അത് രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മള്‍ ഓരോരുത്തരും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരായാല്‍ നമുക്ക് 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' കെട്ടിപ്പടുക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലെ ഭരണഘടനാ ദിന പരിപാടി ബഹിഷ്‌കരിച്ചതിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണ് നടക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ഒരു കുടുംബം നിരവധി തലമുറകളായി ഒരു പാര്‍ട്ടി നടത്തുകയാണെങ്കില്‍, അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. തലമുറകളായി ഒരു കുടുംബം തന്നെ നയിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് താന്‍ കൂടുതലൊന്നും പറയേണ്ടതില്ലല്ലോയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്രീകള്‍ക്ക് വോട്ടവകാശം മാത്രമല്ല ഇന്ത്യ നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞു. ഭരണഘടന തയ്യാറാക്കുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി ഓര്‍മിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ ഭരണഘടനയാണ് ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.