നെടുമങ്ങാട് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസ്; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
കേസ് ഡയറി പരിശോധിച്ചതില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി കെ ബാബു ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ അടിച്ചൊടിച്ച കേസില്‍ റിമാന്റിലുള്ള രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യഹരജി കോടതി തള്ളി. കേസിലെ പത്തും പതിനാലും പ്രതികളായ ആനാട് ഇരിയനാട് പഴവിള പുത്തന്‍വീട്ടില്‍ സച്ചു എന്ന യദുകൃഷ്ണന്‍(25), വട്ടിയൂര്‍ക്കാവ് ഗവ. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയും കരിപ്പൂര്‍ വില്ലേജില്‍ വാണ്ട മിനി ഓഡിറ്റോറിയത്തിന് സമീപം ആദിത്യ ഭവനില്‍ അഭിരാം(19) എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.
കേസ് ഡയറി പരിശോധിച്ചതില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരായ കുറ്റാരോപണം ഗൗരവമേറിയതാണ്. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചതില്‍ എസ്‌ഐക്കും ഒപ്പമുണ്ടായിരുന്ന പോലിസുകാര്‍ക്കും പരിക്കേറ്റതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ജഡ്ജി കെ ബാബു ചൂണ്ടിക്കാട്ടി. പ്രതിഭാഗം ജാമ്യത്തിനായി നിരവധി രേഖകള്‍ ഹാജരാക്കിയെങ്കിലും കോടതി പരിഗണിച്ചില്ല.
കഴിഞ്ഞ മൂന്നിന് രാവിലെ 11.20 നാണ് കേസിനാസ്പമായ സംഭവം നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ആനാട് ബാങ്ക് ജങ്ഷനില്‍ തുറന്ന് പ്രവര്‍ത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയായി. ഇതറിഞ്ഞ് നെടുമങ്ങാട് എസ്‌ഐ സുനില്‍ ഗോപിയും പോലിസ് സംഘവും സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 14 അംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എസ്‌ഐയെയും സംഘത്തെയും ആക്രമിച്ച് വധശ്രമം നടത്തിയെന്നുമാണ് കേസ്. എസ്‌ഐയുടെ വലത്തെ കൈ ഒടിയുകയും പോലിസ് ജീപ്പിന് 19000 രൂപയുടെ നാശം വരുത്തിയെന്നും അന്വേഷണ റിപോര്‍ട്ടിലുണ്ട്. കെഎപി ബറ്റാലിയന്‍ പോലിസുകാരായ ജോബിന്‍, അഖില്‍, നദീര്‍, അനൂപ്, ആഷിക് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.