ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ എല്ലാവര്‍ക്കും മടങ്ങിവരാന്‍ പാസ് അനുവദിക്കണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2020-05-09 17:37 GMT

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവര്‍ക്കും നാട്ടിലേക്ക് മടങ്ങിവരാന്‍ പാസ് അനുവദിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും പാസ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം വിശ്വസിച്ച് എല്ലാവരും നാട്ടിലെത്താന്‍ ശ്രമിച്ചെങ്കിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ അവരെ തടഞ്ഞുവച്ചിരിക്കുകയാണ്. അംഗീകൃത പാസ് ഇല്ലാതെ കടത്തിവിടില്ലെന്ന് പാലക്കാട്, തിരുവനന്തപുരം, കൊല്ലം കലക്ടര്‍മാര്‍ കര്‍ശന നിലപാട് എടുത്തതോടെ നൂറു കണക്കിനാളുകളാണ് വാളയാറിലും, ആര്യങ്കാവിലും മറ്റും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണില്‍ തീരാദുരിതത്തിലാക്കപ്പെട്ടവരെ വീണ്ടും പെരുവഴിയിലാക്കിയ ആശയക്കുഴപ്പം ഉണ്ടായത് ഭരണപരമായ ഏകോപനമില്ലായ്മ മൂലമാണ്. എല്ലാവരെയും പാസ് നല്‍കി നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇതനുസരിച്ച് കൃത്യവും മനുഷ്യത്വപരവുമായ ഇടപെടല്‍ നടത്തുന്നതിന് അതതു ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി പ്രതിസന്ധി പരിഹരിക്കണമെന്നും അഷറഫ് മൗലവി ആവശ്യപ്പെട്ടു.


Tags:    

Similar News