ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം: കലക്ടര്‍
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. ചെറിയ ലക്ഷണങ്ങളുള്ളവര്‍ പോലും പരിശോധനകള്‍ക്ക് തയാറാകണമെന്നും പൊതുയിടങ്ങളിലുള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
െേകാവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും സഹകരണ ആശുപത്രികള്‍ക്കുമായി ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എല്ലാ സ്വകാര്യസഹകരണ ആശുപത്രികളും കൊവിഡ് ബാധിതര്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കണം. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെ ഓക്‌സിജന്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍ ഉള്‍പ്പെടെയുള്ളവ കൊവിഡ് ചികിത്സക്കായി മാറ്റിവെക്കാനാണ് നിര്‍ദേശം.
എല്ലാ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂനിറ്റുമായി കൃത്യമായി ആശവിനിമയം നടത്തണമെന്നും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലഫോണ്‍ നമ്പര്‍ നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഐ.സി.യു വെന്റിലേറ്റര്‍ കിടക്കള്‍ ഉള്‍പ്പെടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍, കൊവിഡ് ബാധിതരായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം, ഡിസ്ചാര്‍ജ്, റെഫര്‍ ചെയ്യുന്ന രോഗികളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഓരോ നാല് മണിക്കൂര്‍ ഇടവിട്ട് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യണം. ഇതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂനിറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാതെ, കൊവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്കോ മറ്റ് സ്വകാര്യ ആശുപത്രികളിലേക്കോ റെഫര്‍ ചെയ്യാന്‍ പാടില്ല. കൊവിഡ് ബാധിതരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് കൃത്യമായ നിരീക്ഷണം നടത്തണം. ലക്ഷണമില്ലാത്ത രോഗികളെ ഹോം ഐസൊലേഷനില്‍ വിടണം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകണം പരിശോധനകള്‍ നടത്തേണ്ടത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തണമെന്നും പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് അടിയന്തരമായി കൈമാറണമെന്നും ഉത്തരവില്‍ പറയുന്നു.