കോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ എം ശ്രീജിത്ത് ആണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

Update: 2022-05-19 17:52 GMT

കോട്ടയം: നഗരത്തില്‍ ആരംഭിക്കാനിരിക്കുന്ന ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. മാളിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ എം ശ്രീജിത്ത് ആണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

ജനവാസ മേഖലയായ ഇവിടെ, ചെറിയ പട്ടണമെന്ന നിലയില്‍ വേണ്ടത്ര പഠനങ്ങള്‍ നടത്താതെയും, മാലിന്യ നിര്‍മ്മാര്‍ജ്ജനം, വീതിയുള്ള വഴികള്‍, ശരിയായ ജലവിതരണ സംവിധാനം എന്നിവ ഇല്ലാതെയും നഗരസഭാ പ്രദേശത്ത് ലുലു മാള്‍ പോലെ വലിയ സ്ഥാപനം വരുന്നത് കോട്ടയം നഗരത്തെ ഇല്ലാതാക്കുമെന്നാണ് പരാതി.

ലുലു മാള്‍ കോട്ടയത്ത് സ്ഥാപിക്കുന്നതോടെ ഇപ്പോള്‍ തന്നെ ദുര്‍ബ്ബലമായിരിക്കുന്ന കോട്ടയം പട്ടണത്തിലെ വ്യവസായ, കച്ചവടമേഖലകള്‍ മരവിക്കുമെന്നും കോട്ടയം പട്ടണത്തിന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ ലുലു മാള്‍ പോലെയൊന്നിന് പറ്റിയതല്ലെന്നും പരാതിയില്‍ പറയുന്നു.

അനുയോജ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ചെറുകിട വ്യാപാരി വ്യവസായികളെ ഒരുമിപ്പിച്ച് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് ഭാരവാഹികള്‍ അറിയിച്ചു.

തിരുവനന്തപുരം ഹിന്ദു സമ്മേളനത്തില്‍ പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ലുലു സംരംഭങ്ങള്‍ക്കെതിരേ വര്‍ഗീയ നീക്കം ശക്തമാണ്. സംഘപരിവാറിനു കീഴിലുള്ള വിവിധ സംഘടനകള്‍ ലുലുവിനെതിരേ ഒളിഞ്ഞും തെളിഞ്ഞും കുപ്രചാരണങ്ങള്‍ നടത്തുന്നതിനിടയിലാണ് കോട്ടയത്ത്

ഹിന്ദു ജാഗരണ്‍ മഞ്ച് പരസ്യമായി തന്നെ രംഗത്തു വന്നിരിക്കുന്നത്. മുസ്‌ലിം സമുദായത്തിനും അവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കുമെതിരേ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ കല്യാണത്തില്‍ എം എ യൂസഫലി പങ്കെടുത്തിരുന്നു. അതിനു ശേഷവും ലുലുമാളിനെതിരേ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്നതിന്റെ തുടര്‍ച്ചയാണ് കോട്ടയം സംഭവം.

Tags:    

Similar News