'18 സെക്കന്റില്‍ നമസ്‌കാരം', ലുലു മാളിലെ നമസ്‌കാരം ആസൂത്രിതം?; സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി മാള്‍ അധികൃതര്‍

Update: 2022-07-17 10:01 GMT

ലഖ്‌നൗ: തിങ്കളാഴ്ച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരായ ഹിന്ദുത്വരുടെ നീക്കം ആസുത്രിതമെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഖ്‌നൗവിലെ ലുലു മാളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നുണ്ടായ വിവാദം ആന്റി ക്ലൈമാക്‌സും ഗൂഢാലോചനയുമായി മാറുകയാണ്. വീഡിയോയില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ മുസ് ലിംകളെ മാളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചാല്‍, അവര്‍ക്ക് അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. രാമായണത്തിന്റെ ഒരു ഭാഗം വായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളില്‍ എത്തിയിരുന്നു. മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80% പേരും മുസ് ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ ആരോപിച്ചിരുന്നു. ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്ന് അവര്‍ ആരോപിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ മാള്‍ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി തുറന്ന് കൊടുത്തത്. മാള്‍ തുറന്നതിന്റെ രണ്ടാം ദിവസം നമസ്‌കരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. സംഭവം വിവാദമായതോടെ മാള്‍ മാനേജ്‌മെന്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. മാള്‍ മാനേജ്‌മെന്റ് എല്ലാ ആരോപണങ്ങളും നിരസിക്കുകയും ഹിന്ദുത്വരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ വിവരങ്ങള്‍ പോലിസുമായും തീവ്ര ഹിന്ദുത്വ സംഘടനകളുമായും പങ്കിടുകയും ചെയ്തു.

മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഉണ്ടാക്കാനും ബോധപൂര്‍വം നടത്തിയ പദ്ധതിയുടെ ഭാഗമാണ് വിവാദമെന്ന് തുടക്കം മുതല്‍ ഉയര്‍ന്നുവന്ന സംശയം ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നു.

മാള്‍ അധികൃതര്‍ കൈമാറിയ സിസിടിവി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് കാണിക്കുന്നു. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. അവര്‍ ഒന്നും വാങ്ങുകയോ മാളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ താല്‍പ്പര്യം കാണിക്കുകയോ ചെയ്തില്ല.

തിരക്കുള്ളതായി തോന്നുന്ന അവര്‍ ഇരിക്കാനും നമസ്‌കരിക്കാനും ഇടം തേടാന്‍ തുടങ്ങുന്നു. അവര്‍ ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കാന്‍ ശ്രമിച്ചു. എന്നല്‍, അവിടെ സുരക്ഷ ജീവനക്കാര്‍ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവര്‍ പോയി. ആറ് പേര്‍ ഉടന്‍ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങി. ബാക്കിയുള്ള രണ്ട് പേര്‍ വീഡിയോ റെക്കോര്‍ഡുചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി.

നമാസ് എങ്ങനെ അര്‍പ്പിക്കുന്നു എന്നതിനെക്കുറിച്ച് ഇവര്‍ക്ക് വ്യക്തമായ അറിവില്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി അഡീഷണല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ സമ്മതിച്ചു.

'നമാസ്' പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ എടുക്കുമ്പോള്‍, ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡിനുള്ളില്‍ നമസ്‌കാരം പൂര്‍ത്തിയാക്കി. ഗൂഢാലോചനയെക്കുറിച്ച് തുടക്കത്തില്‍ തന്നെ ആശങ്ക പ്രകടിപ്പിച്ച ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ താഹിറ ഹസന്‍ പറഞ്ഞു.  മക്കയിലെ കഅബയെ അഭിമുഖീകരിച്ചാണ് എപ്പോഴും നമസ്‌കരിക്കുന്നത് എന്നത് ഇവര്‍ക്ക് അറിവില്ലെന്ന് വ്യക്തമാണ്. അവരെല്ലാം പടിഞ്ഞാറിനെ അഭിമുഖീകരിക്കുമ്പോള്‍, അവരില്‍ ഒരാളുടെ മുഖം മറ്റൊരു ദിശയിലായിരുന്നു. തിടുക്കപ്പെട്ട് നമസ്‌കരിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം അവര്‍ തിടുക്കത്തില്‍ മാളില്‍ നിന്ന് പുറത്തിറങ്ങി. മാളിന്റെ ചുറ്റും നോക്കാതെ മടങ്ങി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിവാദത്തിന്റെ തുടക്കത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശനിയാഴ്ച വൈകുന്നേരം ഡിസിപി (സൗത്ത്), സുശാന്ത് ഗോള്‍ഫ് സിറ്റി ഇന്‍സ്‌പെക്ടര്‍ എന്നിവരെ മാറ്റി. മാള്‍ മാനേജ്‌മെന്റ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയം തേടുകയും ദൃശ്യങ്ങള്‍ പോലിസിന് കൈമാറുകയും ചെയ്തു.

Tags:    

Similar News