തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികളെ മർദിച്ച് പരിക്കേൽപ്പിച്ച കേസ്: രണ്ടു​പേർ അറസ്റ്റിൽ

Update: 2024-03-17 17:23 GMT

ഗാന്ധിനഗര്‍: അഹ്‌മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ തറാവീഹ് നമസ്‌കരിക്കുന്നതിനിടെ വിദേശ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരായ ഹിതേഷ് മേവാഡ, ഭരത് പട്ടേല്‍ എന്നിവരാണ് പിടിയിലായത്. ആയുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കല്‍, സ്വമേധയാ മുറിവേല്‍പ്പിക്കല്‍, ജീവന്‍ അപകടപ്പെടുത്തല്‍, ക്രിമിനല്‍ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. 25 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാത്രി സര്‍വകലാശാലയിലെ ഹോസ്റ്റല്‍ എ ബ്ലോക്ക് കെട്ടിടത്തില്‍ ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ അനുവദിച്ച സ്ഥലത്ത് റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹ് നിര്‍വഹിക്കുന്നതിനിടെയായിരുന്നു സംഭവം. കാവി ഷാളുകള്‍ ധരിച്ച് ജയ്ശ്രീറാം വിളികളും ഇസ്‌ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ കല്ലെറിഞ്ഞ സംഘം മുറികളില്‍ കയറി പഠനോപകരണങ്ങള്‍ നശിപ്പിക്കുകയും ഹോസ്റ്റല്‍ കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് അക്രമത്തില്‍ സാരമായി പരിക്കേറ്റത്. ഇവരെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.യൂനിവേഴ്സിറ്റി കാംപസിനകത്തോ, ഹോസ്റ്റല്‍ പരിസരത്തോ പള്ളികളില്ലാത്തതിനാലാണ് അധികൃതര്‍ ഹോസ്റ്റലില്‍ അനുവദിച്ച സ്ഥലത്ത് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയത്. കാവി ഷാളുകള്‍ ധരിച്ചെത്തിയ ചിലര്‍ ഇവരെ തള്ളിമാറ്റി ആരാണ് ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിച്ചതെന്ന് ആക്രോശത്തോടെ ചോദിക്കുകയും ഇവിടെ പ്രാര്‍ഥിക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അവരുടെ ചോദ്യം മനസ്സിലായില്ലെന്നും ഉത്തരം നല്‍കുന്നതിന് മുമ്പ് തന്നെ അക്രമിക്കാന്‍ തുടങ്ങിയെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഹോസ്റ്റലിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അവരെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലിസിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയത്. കണ്‍മുന്നിലുണ്ടായിട്ടും അക്രമികളെ പിടികൂടാന്‍ പോലിസ് തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

Tags:    

Similar News